മാസപ്പടി: എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് കാത്ത് സിപിഎം, വീണയ്ക്ക് എതിരെങ്കിൽ രാഷ്ട്രീയമായി നേരിടും
വീണ നിയമപരമായ നടപടിയും സ്വീകരിക്കും
തിരുവനന്തപുരം: എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിന്റെ റിപ്പോർട്ട് കാത്ത് സിപിഎം. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് എതിരാണെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. സേവനം നൽകിയിട്ടാണ് പണം നൽകിയതെന്ന കണ്ടെത്തൽ എസ്എഫ്ഐഒ നടത്തിയാൽ പ്രതിപക്ഷത്തിനെതിരെ ഉപതെരഞ്ഞെടുപ്പിൽ അടക്കം സിപിഎം വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തും.
മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സേവനം നൽകാതെ സിഎംആർഎൽ ഒരുകോടി 72 ലക്ഷം രൂപ നൽകി എന്നതായിരുന്നു ഉയർന്നുവന്ന വിവാദം. ആദായനികുതി വകുപ്പ് തർക്കപരിഹാര ബോർഡിൻറെ ഉത്തരവിന് പിന്നാലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയതോടെ വീണയുടെ മൊഴി എസ്എഫ്ഐഒ കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു.
താൻ നൽകിയ സേവനത്തിനാണ് സിഎംആർഎൽ പണം നൽകിയത് എന്ന വാദം ആയിരുന്നു വീണ അന്വേഷണ സംഘത്തിന് മുന്നിൽ മുന്നോട്ടുവച്ചത്. എസ്എഫ്ഐഒ റിപ്പോർട്ട് ഭാഗികമായി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സൂചന. എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ഒരു ഹരജി നിലനിൽക്കുന്നതിനാൽ അടുത്തമാസം 12ന് ശേഷം മാത്രമേ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തു വരാൻ സാധ്യതയുള്ളൂ.
റിപ്പോർട്ട് വീണയ്ക്ക് എതിരാണെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം. മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് വീണയുമായി ബന്ധപ്പെട്ട വിവാദം കേന്ദ്ര അന്വേഷണ ഏജൻസി ഉയർത്തുന്നതെന്ന പ്രചരണമായിരിക്കും സിപിഎം ശക്തമാക്കുക. അതിനൊപ്പം വീണ നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യും.
എന്നാൽ താൻ നൽകിയ സേവനത്തിനാണ് സിഎംആർഎൽ പണം നൽകിയതെന്ന വീണയുടെ വാദം അംഗീകരിച്ചാണ് റിപ്പോർട്ട് എങ്കിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ ആണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും നീക്കം. എന്തായാലും വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനും, യുഡിഎഫിനും, ബിജെപിക്കും, ഒരു രാഷ്ട്രീയ വിഷയമായി എസ്എഫ്ഐ ഒ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ്.