'സിപിഎം പുറത്താക്കിയതല്ല, മനസ്സ് മടുത്ത് സ്വയം പോയത്'; തുറന്നടിച്ച് മനു തോമസ്

"ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുമായി സിപിഎമ്മിലെ ചില നേതാക്കൾക്ക് ഇപ്പോളും ബന്ധം"

Update: 2024-06-25 08:28 GMT
Advertising

കണ്ണൂർ: താൻ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോയതാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ്. മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി പുറത്താക്കിയതാണെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനു വ്യക്തമാക്കി.

കുറച്ച് നാളുകളായി പാർട്ടി പ്രവർത്തനങ്ങളിൽ നിർജീവമായിരുന്നു മനു. 2023 ഏപ്രിലിന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുത്തിരുന്നില്ല. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ മനു നേരത്തേ പാർട്ടിക്ക് പരാതി നൽകിയത് വിവാദമായിരുന്നു. പരാതിയിൽ അനുകൂല നിലപാട് ഉണ്ടായില്ലെന്നും മനസ്സ് മടുത്താണ് പാർട്ടി വിടുന്നതെന്നും മനു പറയുന്നു.

"സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കാട്ടി, യുവജന കമ്മിഷൻ അധ്യക്ഷൻ എം.ഷാജിറിനെതിരെ സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. പ്രഹസനമായിരുന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ. ആകാശ് തില്ലങ്കേരിയുമായി സിപിഎമ്മിലെ ചില നേതാക്കൾക്ക് ഇപ്പോഴും ബന്ധമുണ്ട്. ആ നേതാക്കൾ ഇപ്പോഴും പല കാര്യങ്ങൾക്കും അവരെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പാർട്ടിയുടെ തണലിൽ വളർന്നവർ പാർട്ടിക്കും മേലെയായി. പാർട്ടിക്ക് തിരുത്താൻ പരിമിതികളുണ്ട്. മനസ്സ് മടുത്താണ് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത്. പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വയം പുറത്ത് പോയതാണ്. തുറന്നു പറയാൻ ഒരു മടിയുമില്ല, എന്നും ഇടത് അനുഭാവിയായി തുടരും". മനു പറഞ്ഞു.

Full View

പാർട്ടിയംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം മനുവിനെ പല തവണ സമീപിച്ചതാണ്. എന്നാൽ അംഗത്വം പുതുക്കാതെ മനു ഒഴിയുകയായിരുന്നു. മനു അംഗത്വം പുതുക്കിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും നേരത്തേ വ്യക്തമാക്കിയിരുന്നു. മനുവിന് പകരം സിപിഎം ആലക്കോട് ഏരിയ സെക്രട്ടറി സാജൻ കെ.ജോസഫിനെയാണ് പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News