സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
മന്ത്രി വി.എൻ വാസവൻ്റെ ജന്മ നാടായ പാമ്പാടിയിലാണ് ഇക്കുറി സിപിഎം കോട്ടയം ജില്ലാ സമ്മേളനം
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. ഇ.പിയുടെ പേരിലുളള പുസ്തക വിവാദം, മുഖ്യമന്ത്രിയ്ക്കും പാർട്ടി സെക്രട്ടറിക്കും എതിരായ വിമർശനങ്ങൾ , കേരളാ കോൺഗ്രസിന്‍റെ മുന്നണിമാറ്റ അഭ്യൂഹം എന്നിവ അടക്കമുള്ള വിഷയങ്ങൾ ചൂടേറിയ ചർച്ചകൾക്ക് വഴി തുറക്കും. കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയിലേക്ക് നടന്ന മത്സരവും പാലായിൽ മത്സരത്തിലേക്ക് നീക്കിയ സാഹചര്യവും ജില്ലാ നേതൃത്വത്തിന് പ്രതിനിധികളെ ബോധ്യപ്പെടുത്തേണ്ടിവരും.
മന്ത്രി വി.എൻ വാസവൻ്റെ ജന്മ നാടായ പാമ്പാടിയിലാണ് ഇക്കുറി സിപിഎം കോട്ടയം ജില്ലാ സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിൻ്റെ കനത്ത തോൽവിയ്ക്ക് പിന്നാലെ ചേരുന്ന സമ്മേനത്തിൽ കേരളാ കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകുമെന്ന് ഉറപ്പാണ്. മുന്നണിമാറ്റ സാധ്യത കേരളാ കോൺഗ്രസ് എം പരസ്യമായി തള്ളിയെങ്കിലും അത്തരം പ്രചരണമുണ്ടായതിൽ സിപിഎം പ്രദേശിക നേതൃത്വങ്ങൾക്ക് അതൃപ്തിയുണ്ട്. കൂടാതെ ഡിസി ബുക്സുമായി ബന്ധപ്പെട്ട ഇ.പി ജയരാജൻ്റെ പുസ്തക വിവാദവും സമ്മേളനത്തിൽ ചർച്ചയ്ക്ക് വഴിയൊരുക്കും . പരമ്പരാഗത വോട്ടു ബാങ്കുകളിൽ ബിജെപിയുടെ കടന്നുകയറ്റം, മത സമുദായ കക്ഷികളുടെ രാഷ്ട്രീയ ഇടപെടലുകൾ, എസ്എഫ്ഐ ക്കെതിരായ പരാതികൾ എന്നിവ അടക്കം ചർച്ചയാകും.
സംസ്ഥാന കമ്മറ്റി അംഗം കെ. അനിൽ കുമാർ , മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാകും. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ബി.സുരേഷ് മഹിളാ അസോസിയേഷൻ നേതാവ് ഷീജ അനിൽ എന്നിവർ ജില്ലാ കമ്മിറ്റിയിൽ ഇടം പിടിക്കാനാണ് സാധ്യത. ആദ്യം ടേം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി എ.വി റസ്സൽ സെക്രട്ടറി സ്ഥാനത്ത് തുടരും. പ്രതിനിധി സമ്മേളനം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും 5ന് ചേരുന്ന പൊതു സമ്മളേനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.