സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് ചിറ്റൂരിൽ തുടക്കമാവും; ബ്രൂവറി വിവാദം ചര്‍ച്ചയായേക്കും

ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശത്താണ് സർക്കാർ ബ്രൂവറിക്ക് സ്ഥലം അനുവദിച്ചത്

Update: 2025-01-21 01:52 GMT
Editor : സനു ഹദീബ | By : Web Desk

ബ്രൂവറി വിഷയത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് ചിറ്റൂരിൽ തുടക്കമാകും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉപതിരഞ്ഞെടുപ്പിലെ വിവാദങ്ങൾ മുതൽ കൊഴിഞ്ഞാമ്പാറ വിഭാഗീയത വരെ സമ്മേളനത്തിൽ ചർച്ചയാകും. 23ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശത്താണ് സർക്കാർ ബ്രൂവറിക്ക് സ്ഥലം അനുവദിച്ചത്. സിപിഎമ്മിൻ്റെ പ്രാദേശിക നേതാക്കൾ പോലും സർക്കാർ ഉത്തരവിന് പിന്നാലെയാണ് വിവരം അറിയുന്നത്. ഇതിൽ നേതാക്കൾക്ക് അതൃപ്തിയുള്ളതായാണ് വിവരം. സിപിഎം ജില്ലാ സമ്മേളനത്തിന് ചിറ്റൂരിൽ നാളെ തുടക്കമാകുമ്പോൾ, അംഗങ്ങൾക്കിടയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് പ്രധാന ചർച്ച വിഷയമാകും. അതേസമയം, കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയത ഇനിയും പരിഹരിക്കാൻ സാധിക്കാത്തതും പാർട്ടിക്ക് തലവേദനയാണ്. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ചിറ്റൂർ ഏരിയ സമ്മേളനത്തിൽ ഉയർന്നതാണ്. എന്നാൽ മേഖലയിലെ DYFI ലെ അംഗങ്ങളും വിമത സ്വരവുമായി എത്തുന്നതാണ് പിന്നീട് കണ്ടത്.

Advertising
Advertising

കൊഴിഞ്ഞാമ്പാറയിൽ വിമതർക്കെതിരെ ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കാത്തതിന് ഏരിയാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെയും വിമർശനം ഉയർന്നിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ നീല പെട്ടി ആരോപണത്തിനെതിരെ എൻഎൻ കൃഷ്ണദാസ് നടത്തിയ പരാമർശവും ജില്ലയിലെ നേതാക്കളിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. കൃഷ്ണദാസിന്റെ പരാമർശം ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. പാർട്ടി നേതൃത്വത്തെ വിമർശിച്ച് പി.കെ ശശി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് ഇട്ടതും വിവാദമായിരുന്നു. ഇത്തരം പ്രശ്നങ്ങൾ കൂടെ നിലനിൽക്കുമ്പോഴാണ് ജില്ലാ സമ്മേനത്തിന് തുടക്കമാകുന്നത്. സിപിഎമ്മിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന ജില്ലാ സമ്മേളനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആയിരിക്കും പ്രധാന പരിഗണന. നിലവിലെ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു തന്നെ സ്ഥാനത്ത് തുടരാനാണ് സാധ്യത. മൂന്നുദിവസം നടക്കുന്ന ജില്ലാ സമ്മേളനത്തിൽ 409 പ്രതിനിധികൾ പങ്കെടുക്കും.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News