'ഭീകരവാദ രാഷ്ട്രത്തോടാണ് മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്'; ഫലസ്തീൻ ജനത കോണ്‍സണ്‍ട്രേഷൻ ക്യാമ്പിലെന്ന് എം.എ ബേബി
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു എം.എ ബേബി.
തിരുവനന്തപുരം: ഫലസ്തീനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ ലോകം കാഴ്ചക്കാരെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. ഒക്ടോബർ ഏഴിലെ സംഭവത്തെ മാത്രം ഒറ്റ തിരിച്ചെടുത്ത് പ്രചരിപ്പിക്കുന്നു. ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാമ്പിൽ കിടന്നവരുടെ കോൺസൺട്രേഷൻ ക്യാമ്പിലാണ് ഫലസ്തീൻകാർ. ഭീകരവാദ രാഷ്ട്രമായ ഇസ്രായേലിനോടാണ് നരേന്ദ്രമോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചതെന്നും എം.എ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു എം.എ ബേബി.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 704പേരാണ്. രണ്ടാഴ്ചക്കിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 16,297 പേർക്കാണ് പരിക്കേറ്റത്.
ഗസ്സയിൽ മൂന്നിലൊന്ന് ആരോഗ്യസംവിധാനങ്ങളും നിശ്ചലമായെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. 35 ൽ 12 ആശുപത്രികളും പ്രവർത്തനം നിർത്തിയെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. പല ആശുപത്രികളിലെയും ഇന്ധനം തീർന്നു തുടങ്ങി. വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇന്തോനേഷ്യൻ ആശുപത്രിയിലെ ഇന്ധനം തീർന്നതോടെ ഇൻക്യുബേറ്ററിൽ കഴിയുന്ന നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് അപകടത്തിലായത്. താൽക്കാലികമായി കുറച്ച് സമയത്തേക്കുള്ള ഇന്ധനം എത്തിച്ചെങ്കിലും എത്രസമയത്തേക്ക് തികയുമെന്ന് നിശ്ചയമില്ല.
അതേസമയം, ജറുസലേമിലെ അൽ അഖ്സ മസ്ജിദിൽ മുസ്‌ലിംകളുടെ പ്രവേശനം ഇസ്രായേലി പൊലീസ് വിലക്കി. മാസങ്ങൾക്ക് ശേഷം ആദ്യമായി ഇസ്രായേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്‌ലിം വിശ്വാസികളെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് ഇസ്‌ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മുസ്‍ലിംകൾക്ക് മാത്രം ആരാധന നടത്താൻ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകർ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങൾ നടത്തുകയും ചെയ്തതായി ഫലസ്തീൻ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മക്കയിലെ മസ്ജിദുൽ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്സ.