'വാശി പിടിക്കരുത്': പാലാ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയോട് സിപിഎം
പ്രാദേശിക തർക്കത്തിന്റെ പേരിൽ മുന്നണി ബന്ധം വഷളാകുന്ന നിലപാടുകൾ എടുക്കരുതെന്നും സിപിഎം
കോട്ടയം: പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ സ്ഥാനാർഥിയുടെ കാര്യത്തിൽ വാശി പിടിക്കരുതെന്ന് ജോസ് കെ മാണിയോട് സിപിഎം. ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടിൽ നിന്ന് പിന്തിരിയണമെന്ന് കേരള കോൺഗ്രസിനോട് സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
പ്രാദേശിക തർക്കത്തിന്റെ പേരിൽ മുന്നണി ബന്ധം വഷളാകുന്ന നിലപാടുകൾ എടുക്കരുത്. ഏരിയ കമ്മിറ്റി യോഗത്തിലെ വികാരം കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ നേതൃത്വത്തിന് സി.പി.എം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി.
എൽ.ഡി.എഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വർഷം സി.പി.എമ്മിനാണ് ചെയർമാൻ സ്ഥാനം. എന്നാല്‍ സി.പി.എമ്മിന്‍റെ ഏക കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്നാണ് കേരള കോൺഗ്രസ് നിലപാട്.
അതേസമയം മൂന്ന് തവണ മാറ്റിവെച്ച പാർലമെന്‍ററി പാർട്ടി യോഗം ഇന്ന് രാവിലെ സ്ഥാനാർഥിയെ നിശ്ചയിക്കും. തുടർന്ന് 11 മണിക്ക് തെരഞ്ഞെടുപ്പ് നടക്കും. ബിനു പുളിക്കകണ്ടത്തെ സ്ഥാനാർഥി ആക്കിയാലും ഇല്ലെങ്കിലും എൽ.ഡി.എഫിൽ പൊട്ടിത്തെറികൾ ഉണ്ടായേക്കും. പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറാകാതെ രഹസ്യ നീക്കങ്ങളാണ് കേരള കോൺഗ്രസ് നടത്തുന്നത്. കേരള കോൺഗ്രസ് കൗൺസിലറെ ബിനു കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് നീക്കം. അതിനിടെ കേരള കോൺഗ്രസ് മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്ന ആരോപണവുമായി സി.പി.ഐയും രംഗത്ത് വന്നു.