അൻവറിനെ കുടുക്കാൻ സിപിഎം; പിവിആർ പാർക്കിലെ തടയണകൾ പൊളിക്കാന്‍ പഞ്ചായത്ത് നടപടി ആരംഭിച്ചു
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി അടിയന്തര യോഗം ചേർന്നാണ് തടയണകൾ പൊളിച്ചു നീക്കാൻ റീ ടെൻഡർ വിളിച്ചത്
മലപ്പുറം: പരസ്യമായ വെല്ലുവിളിയും വെളിപ്പെടുത്തലുകളും തുടരുന്നതിനിടെ പി.വി അൻവറിനെ കുടുക്കാൻ സിപിഎം. കക്കാടംപൊയിലിൽ അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് റീ ടെൻഡർ വിളിച്ചു. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കൂടരഞ്ഞി പഞ്ചായത്തിലേത്.
കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാനാണ് ടെൻഡർ വിളിച്ചത്. അടിയന്തര യോഗം ചേർന്നാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. തടയണ പൊളിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ട് രണ്ടു മാസം കഴിഞ്ഞതിനു ശേഷമാണ് പഞ്ചായത്തിന്റെ നടപടി. തടയണ പൊളിക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. പക്ഷെ പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു.
അതിനിടെ മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് കോഴിക്കോട്ട് നടക്കുന്ന പൊതു സമ്മേളനത്തിൽ അൻവർ പങ്കെടുക്കും. മാമി തിരോധാന ആക്ഷൻ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. വൈകിട്ട് 6.30 ന് മുതലക്കുളം മൈതാനിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മാമിയുടെ മകളും സഹോദരിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. എഡിജിപി എം.ആർ അജിത്കുമാറിന് ബന്ധമുണ്ടെന്ന പി.വി അൻവറിന്റെ ആരോപണഞ്ഞെ തുടർന്നാണ് മാമി കേസ് വീണ്ടും സജീവമായത്.
സിപിഎമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമെ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു.