ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് നല്‍കുമെന്ന് കോണ്‍ഗ്രസ്
സി.പി.എമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്ന് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ നരേന്ദ്ര മോദി പരിഹസിച്ചു
അഗര്‍ത്തല: ത്രിപുരയിൽ അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് ആയിരിക്കുമെന്ന് കോൺഗ്രസ്സ്. സിപിഎം -കോൺഗ്രസ് മുന്നണിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു. ത്രിപുര ഇനി ബൂത്തിൽ എത്താൻ 3 നാളുകൾ കൂടി മാത്രമാണ് ബാക്കിയുള്ളത്.
സി.പി.എമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്ന് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ നരേന്ദ്ര മോദി പരിഹസിച്ചു. അതേ സമയം സഖ്യത്തിൽ ഭിന്നതയില്ലെന്നും മുന്നണി വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് ആകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ്കുമാർ പറഞ്ഞു.
ഗോത്ര വിഭാഗത്തിൽ നിന്നുള്ള സി.പി.എം നേതാവ് മുഖ്യമന്ത്രി ആകുമെന്ന് അജയ്കുമാർ പറയുമ്പോഴും സിപിഎം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി ഈ പ്രസ്താവനയോട് അകലം പാലിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻ കൂട്ടി പ്രഖ്യാപിക്കുക സിപിഎം നയമല്ലെന്നു വ്യക്തമാക്കിയ അദ്ദേഹം,എം എൽ എ മാർ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് അറിയിച്ചു.
ഗോത്ര വിഭാഗത്തിൽ നിന്നുള്ള ജിതേന്ദ്ര ചൗധരിയുടെ പേരിനാണ് മുൻ തൂക്കം.. ഗോത്ര നേതാവിനെ ഉയർത്തി കാട്ടുന്നത്തോടെ കഴിഞ്ഞ തവണ നഷ്ടമായ വോട്ടുകൾ തിരികെ പിടിക്കാമെന്ന കണക്ക് കൂട്ടലും അജയ്കുമാറിനുണ്ട്.ബിജെപിക്ക് 5 സീറ്റ് പോലും ഇത്തവണ കിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു