കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകനെ മർദിച്ച് സി.പി.എം പ്രവർത്തകർ

തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും കയ്യേറ്റശ്രമം

Update: 2024-06-05 07:43 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകന് സി.പി.എം പ്രവർത്തകരുടെ മർദനം. തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ തർക്കത്തെക്കുറിച്ച് പരാതിയുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് മർദനമേറ്റത്. തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സി.പി.എം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി സജീർ,  ബ്രാഞ്ച് അംഗം വിമൽകുമാർ, മങ്കാട് സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കുമ്മിൾ ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്‍റ് സഫീർ, ഡിവൈഎഫ്ഐ പ്രവർത്തകൻ അക്ഷയ് മോഹൻ എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. വധശ്രമത്തിനുള്‍പ്പടെയാണ് കേസെടുത്തിട്ടുള്ളത്.

കടയ്ക്കൽ കുമ്മിളിൽ ജിഷ്ണു എന്ന യു.ഡി.എഫ് പ്രവർത്തകർ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഈ സമയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ ജിഷ്ണുവിനെ മർദിക്കുകയായിരുന്നു. ഇതിന്റെ പരാതി നൽകാൻ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കൂടുതല്‍ സി.പി.എം പ്രവര്‍ത്തകരെത്തി മര്‍ദനം തുടങ്ങിയത്. മരകഷ്ണങ്ങളുമായാണ് മര്‍ദിച്ചത്.  മുതിർന്ന കോൺഗ്രസ് നേതാക്കളും എം.പിയും ഇടപെട്ടതിന് ശേഷമാണ് സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായതെന്നും ആരോപണമുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News