പിഎസ്‌സി വിവര ചോർച്ച: വാർത്ത റിപ്പോർട്ട് ചെയ്ത ‘മാധ്യമം’ ലേഖകന്റെ ഫോൺ പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച്
രണ്ട് ദിവസത്തിനകം ഫോൺ ഹാജരാക്കിയില്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കുമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത ‘മാധ്യമം’ ലേഖകനോട് ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. മാധ്യമം ലേഖകൻ അനിരു അശോകന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി.
രണ്ട് ദിവസത്തിനകം ഫോൺ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാർത്തയുടെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉറവിടം വ്യക്തമാക്കാൻ കഴിയില്ലെന്ന് അനിരു അശോകൻ മറുപടി നൽകി. ഇതിന് പിന്നാലെയാണ് ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത്.
പിഎസ്‌സിയുടെ ഔദ്യോഗിക രേഖ എങ്ങനെ ലഭിച്ചുവെന്ന് വിശദീകരിക്കാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് മാധ്യമം ചീഫ് എഡിറ്റർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികളുടെ യൂസർ ഐഡി അടക്കം ചോർന്നത് മാധ്യമം പുറത്തുകൊണ്ടുവന്നിരുന്നു. വിവരങ്ങൾ ചോർത്തി സൈബർ ഹാക്കർമാർ ഡാർക്ക് വെബിൽ വിൽപനയ്ക്കു വച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഇതിലാണ് വാർത്ത ചോർന്ന വഴി കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.