എകെജി സെന്റർ ആക്രമണം: സി.പി.എമ്മിനെ സംശയിച്ച് സി.പി.ഐയും

പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കം എന്ന വിമർശനമാണ് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്

Update: 2022-07-24 01:55 GMT
Advertising

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണത്തിൽ സി.പി.എമ്മിനെ സംശയിച്ച് സി.പി.ഐയും. പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കം എന്ന വിമർശനമാണ് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സി.പി.എം ബന്ധനസ്ഥനാക്കിയെന്നും വിമർശനമുണ്ടായി.

പ്രതിപക്ഷത്തിന്‍റെ ആരോപണം സി.പി.ഐ പ്രതിനിധിയും ഏറ്റെടുത്തു. എകെജി സെൻറർ ആക്രമണത്തിൽ സി.പി.എം സംശയമുനയിലാണ്, സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽ നിന്ന് നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു കരുതേണ്ടി വരും, ഇതിന് പൊലീസും കൂട്ടുനിന്നു - എന്നിങ്ങനെ പോയി വിമർശനങ്ങൾ. വെളിയം ഭാർഗവന്റെയും സി.കെ ചന്ദ്രപ്പന്‍റെയും പ്രവർത്തന രീതിയെ ഉദാഹരിച്ചാണ് കാനം രാജേന്ദ്രനെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആഞ്ഞടിച്ചത്. കാനത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു രൂക്ഷ വിമർശനം. ചർച്ചയിൽ പങ്കെടുത്ത എല്ലാ മണ്ഡലം കമ്മിറ്റികളും സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെട്ടു പ്രവർത്തിക്കുന്നു എന്നതായിരുന്നു കാനത്തിനെതിരെയുള്ള പ്രധാന ആക്ഷേപം. സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങള്‍ വിമർശിക്കാൻ പാർട്ടി നേതൃത്വം ധൈര്യം കാട്ടുന്നില്ല. മൂവാറ്റുപുഴ എംഎൽഎയായിരുന്ന എൽദോസ് എബ്രഹാമിനെ പൊലീസ് മർദിച്ചപ്പോഴും എഐഎസ്എഫ് വനിതാ പ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും കാനം മൗനിയായി. മറ്റൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്ക്. പി കെ വാസുദേവൻ നായരെയും ഇ കെ നായനാരെയും പോലുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് പിണറായി ഓർക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

മുന്നണി കൺവീനർ ഇ.പി ജയരാജന്‍റെ പ്രവർത്തനശൈലിക്കെതിരെയും വിമർശനം ഉണ്ടായി. സി.പി.ഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിൽ കൃഷി വകുപ്പിനെതിരെ ആയിരുന്നു വളഞ്ഞിട്ടുള്ള ആക്രമണം. കൃഷി വകുപ്പ് സമ്പൂർണ പരാജയമാണ്. സിവിൽ സപ്ലൈസ് വകുപ്പിലെ പാക്കിങ് ജോലികൾ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിന്റെ പേരിലായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ അനിലിനെ കോവളം മണ്ഡലം കമ്മിറ്റി വിമർശിച്ചത്. ഇത് പാർട്ടി നയത്തിന് വിരുദ്ധവും പാർട്ടി അറിയാതെയുമായിരുന്നെന്നാണ് ആരോപണം. വനം വകുപ്പ് എൻസിപിക്ക് വിട്ടുകൊടുക്കേണ്ടിവന്നത് പിടിപ്പുകേടായി. സി.പി.എം പറയുന്നതിനൊക്കെയും വഴങ്ങുന്നതിന് തെളിവാണ് ഇതെന്നും പ്രതിനിധികൾ വിമർശനമുയർത്തി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News