പ്രിയ ധീരജ് , നിന്റെ പ്രസ്ഥാനം പോലും നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് മാപ്പ്-ധീരജിന്റെ വിലാപയാത്ര തീരും മുമ്പ് തിരുവാതിരക്കളി; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

നിങ്ങളുടെ കൊടി പിടിച്ച ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ട് , അവന്റെ ശരീരത്തിന്റെ ചൂടാറും മുൻപ്, അവന്റെ അമ്മയുടെ ഹൃദയം നുറുങ്ങിയ കരച്ചിലിന്റെ ശബ്ദം കാതിൽ നിന്നും പോകുന്നതിനു മുൻപ് എങ്ങനെയാണ് നിങ്ങൾക്ക് തിരുവാതിര കളിക്കാനും, ആ തിരുവാതിര പാട്ടിനൊപ്പം താളം പിടിക്കാനും സാധിക്കുന്നത് ?

Update: 2022-01-12 07:39 GMT
Editor : Nidhin | By : Web Desk
Advertising

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിരക്കളി സംഘടിപ്പിച്ചതിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര നടക്കുമ്പോഴാണ് സിപിഎം തിരുവാതിരക്കളി നടത്തുകയാണെന്നാണ് വിമർശനം.

' പഴയ SFI അവതാരകനോ, ഇടത് സാംസ്‌കാരിക സിംഹങ്ങളോ കണ്ടില്ലെന്ന് നടിച്ച 'മെഗാ തിരുവാതിരക്കളി' പോളിറ്റ് ബ്യുറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് ധീരജിന്റെ വിലാപയാത്രയും അന്ത്യകർമങ്ങളും നടക്കുന്ന അതേ സമയത്തായിരുന്നു.- യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.

' ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കൾ. ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ല.'- വി.ടി ബൽറാം പറഞ്ഞു.

' CPIM ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മെഗാതിരുവാതിര നിങ്ങൾ കണ്ടോ? നിങ്ങളുടെ കൊടി പിടിച്ച ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ട് , അവന്റെ ശരീരത്തിന്റെ ചൂടാറും മുൻപ്, അവന്റെ അമ്മയുടെ ഹൃദയം നുറുങ്ങിയ കരച്ചിലിന്റെ ശബ്ദം കാതിൽ നിന്നും പോകുന്നതിനു മുൻപ് എങ്ങനെയാണ് നിങ്ങൾക്ക് കൈ കൊട്ടി പാട്ടു പാടി തിരുവാതിര കളിക്കാനും, ആ തിരുവാതിര പാട്ടിനൊപ്പം താളം പിടിക്കാനും സാധിക്കുന്നത് ?

എന്ത് വിലയാണ് നിങ്ങൾ ഒരു രക്തസാക്ഷിക്ക് നല്കുന്നത്? കൂട്ടത്തിൽ ഒരുത്തൻ ചേതനയറ്റ് കിടക്കുമ്പോൾ , ഈ പരിപാടി നടത്തരുത് എന്ന് പറയുവാൻ ഒരല്പ്പമെങ്കിലും മനസ്സലിവുള്ള ഒരാൾ പോലും ആ പാർട്ടിയിലില്ലെ?

കോൺഗ്രസിനെ പഠിപ്പിക്കുന്ന ഒരു 'നിഷ്പക്ഷനെങ്കിലും ' ഒരു ചോദ്യചിഹ്നമോ കോമയോ കൊണ്ടെങ്കിലും പ്രതികരിക്കുവാനുള്ള ആർജ്ജവം ഉണ്ടോ? ഇല്ലായെന്നറിയാം, അതിനാൽ നിങ്ങളും തിരുവാതിരയ്ക്ക് താളം പിടിക്കുക ..... പ്രിയ ധീരജ് , നിന്റെ പ്രസ്ഥാനം പോലും നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് മാപ്പ്....' - രാഹുൽ മാങ്കൂട്ടത്തിൽ എഴുതി.

' ഒരു വിലാപയാത്ര കണ്ണൂരിലേക്ക് പോകുമ്പോൾ അത് ആഘോഷമാക്കുന്ന കുറെ കോൺഗ്രസുകാർ എന്ന് ഇനി പറയുമോ എന്തോ?? 'നാണമില്ലേ കോൺഗ്രസേ' എന്ന് ചർച്ചയും വൈകുന്നേരം സംഘടിപ്പിക്കാം...'- കെ.എസ് ശബരീനാഥ് പരിഹസിച്ചു.

' കോട്ടയം മുതൽ പാറശ്ശാല വരെ ആഘോഷങ്ങൾ ആകാം'- എന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം.

' ദുഃഖം കടിച്ചമർത്തി അവർ തിരുവാതിര

കളിച്ചു'- ്‌റിയാസ് മുക്കോളി പരിഹസിച്ചു.

' തിരുവാതിരക്ക് ശേഷം...............പുഷ്പാ ബക്കറ്റ് എടുക്കട്ടെ'.- ഇതായിരുന്നു കെ.എസ്.യു നേതാവ് ജഷീർ പള്ളിവയലിന്റെ പോസ്റ്റ്.

502 പേരെ അണിനിരത്തിയാണ് സിപിഎം മെഗാ തിരുവാതിര സംഘടിപ്പിത്്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിന്റെ മെഗാ തിരുവാതിര. പാറശാല ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മെഗാ തിരുവാതിര അവതരിപ്പിച്ചത്. ചെറുവാരക്കോണം സി എസ് ഐ സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു മെഗാ തിരുവാതിര.

വെള്ളിയാഴ്ച്ചയാണ് തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്. പിണറായി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുള്ള ഗാനത്തിനൊപ്പം നൃത്ത ചുവടുകളുമായി വിദ്യാർഥികളും വീട്ടമ്മമാരും എത്തി. പൂവരണി കെ വി പി നമ്പൂതിരിയാണ് സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുള്ള ഗാനം എഴിതിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി ആർ സലൂജ തിരുവാതിര കളിക്ക് നേതൃത്വം നൽകി. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കം നൂറോളം പേർ തിരുവാതിര കാണാൻ എത്തിയിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News