പാഠ്യപദ്ധതി പരിഷ്‌കരണം; ഹാൻഡ് ബുക് പ്രകാശനം ചെയ്ത് എം.എസ്.എഫ്
പുതിയ പരിഷ്‌കരണത്തിലെ ഒളി അജണ്ടകളും, അശാസ്ത്രീയ നയങ്ങളും വിവരിച്ചു കൊണ്ടാണ് ഹാൻഡ് ബുക് പുറത്തിറക്കിയിരിക്കുന്നത്
മലപ്പുറം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പബ്ലിക്കേഷൻ മിഡ്പോയിന്റ് പൊതുജനങ്ങൾക്കായി ഹാൻഡ് ബുക് പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാമാണ് പ്രകാശനം ചെയ്തത്.
2007 ൽ വി.എസ് അച്യുതാനന്ദൻ സർക്കാർ നടപ്പിലാക്കിയ 'കേരള പാഠ്യപദ്ധതി ചട്ടക്കൂട്' ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സമാന രീതിയിലാണ് സർക്കാർ പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. കൂടാതെ പുതിയ പരിഷ്‌കരണത്തിലെ ഒളി അജണ്ടകളും, അശാസ്ത്രീയ നയങ്ങളും വിവരിച്ചു കൊണ്ടാണ് ഹാൻഡ് ബുക് പുറത്തിറക്കിയിരിക്കുന്നത്.
സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് വിഷയങ്ങളിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ബുക് നിർവ്വഹിക്കുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറിയിച്ചു. ജന. സെക്രട്ടറി സി.കെ നജാഫ്, പബ്ലിക്കേഷൻ എഡിറ്റർ പി. മുസ്തഫ, ഹിഷാം തുടങ്ങിയവർ പങ്കെടുത്തു.