വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണം-ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
'പി.സി ജോർജിനെതിരേ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹം'
കോട്ടയം: മതസ്പർധയും സാമൂഹിക സംഘർഷങ്ങളും സൃഷ്ടിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോർജിനെതിരേ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണമെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.
സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതിൽ സർക്കാർ ഭരണഘടനാ ബാധ്യത നിറവേറ്റണം. എംഎൽഎമാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ് ജോർജിനെ കാണാതെ പോകരുത്. സച്ചാർ കമ്മീഷൻ ശിപാർശയുടെയും പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മുസ്‌ലിംകൾ അനർഹമായി വാരിക്കൂട്ടുന്നുവെന്നു പ്രചാരണം നടന്നു. മദ്‌റസാ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ നടന്നു. അവിടെയെല്ലാം യഥാസമയം സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു. പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ വരുത്തരുതെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.
ജോർജിന്റെ തുടരെയുള്ള വർഗീയ ആഹ്വാനങ്ങളിൽ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതനേതൃത്വവും മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സംഘ്പരിവാർ രാഷ്ട്രീയത്തിന് വളക്കൂറുണ്ടാക്കുന്നതിനു സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ കരുതിക്കൂട്ടി പ്രവർത്തിക്കുന്ന പി.സി ജോർജിനെ അറസ്റ്റുചെയ്യാൻ ഇടതു സർക്കാർ ആർജ്ജവം കാണിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.എ അബ്ദുന്നാസർ മൗലവി അൽകൗസരി, ജനറൽ സെക്രട്ടറി പാറത്തോട് നാസർ മൗലവി, തോക്കളായ ഹബീബ് മുഹമ്മദ് മൗലവി, താഹ മൗലവി അൽഹസനി, ഇബ്രാഹിം മൗലവി അൽ ഹസനി, അബ്ദുൽ അസീസ് ഖാസിമി എന്നിവരും പങ്കെടുത്തു.
Summary: 'Government should show courage to arrest PC George for anti-Muslim hate speech': Dakshina Kerala Jamiyyathul Ulama