നിരാഹാരസമരം; ആദ്യം അറസ്റ്റ്, വകവെക്കാതെ ദയാബായി വീണ്ടും സമരപ്പന്തലില്‍
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം
Update: 2022-10-04 15:16 GMT
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ദയാബായിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്നാണ് പൊലീസെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പൊലീസ് നടപടി മറികടന്ന് ദയാബായി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരം തുടർന്നു.
കൊണ്ടുപോകൽ നടപടിയെ ദയാബായി ആദ്യം തന്നെ എതിർത്തിരുന്നു. എന്നിരുന്നാലും പൊലീസ് നിർബന്ധപൂർവം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ രണ്ട് മുതലാണ് ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം ആരംഭിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദയാബായിയുടെ സമരം.