എഡിഎം നവീൻ ബാബുവിൻ്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ചത് ക്ഷണിക്കാത്ത ചടങ്ങിലെത്തി
വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കിയിരിക്കെയാണ് മരണം
കണ്ണൂർ: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കിയിരിക്കെയാണ് മരണം. ആരോപണമുയർന്നതോടെ വൻ മാനസിക സംഘർഷിത്തിലായിരുന്നു അദ്ദേഹം. ഫോറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തിവരുകയാണ്.
പത്തനംതിട്ട സ്വദേശിയാണ് നവീൻ ബാബു. ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് തിരിക്കുമെന്നായിരുന്നു സഹപ്രവർത്തകരോട് അദ്ദേഹം പറഞ്ഞിരുന്നത്. നേരത്തെ കാസർകോട് എഡിഎം ആയിരുന്ന ഇദ്ദേഹം മാസങ്ങൾക്ക് മുൻപാണ് കണ്ണൂരെത്തിയത്.
ഏറെ നാളുകളായി നാട്ടിൽ നിന്നുവിട്ടുനിൽക്കുകയായിരുന്ന അദ്ദേഹം നാട്ടിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് സർക്കാർ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം നൽകിയത്. ഇതിൻ്റെ ഭാഗമായി കണ്ണൂർ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിലാണ് ദിവ്യ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യക്ക് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണിക്കാതെയെത്തിയ ദിവ്യ ഗുരുതര ആരോപണങ്ങൾ നവീൻ ബാബുവിനെതിരെ ഉന്നയിക്കുകായിരുന്നു. ചെങളായിയിലെ ഒരു പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ഒരു അഴിമതി ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്.
പേരാവൂർ എംഎൽഎ സണ്ണി ജോസഫ് സംഭവത്തിൽ പ്രതികരിച്ചു. മരണവാർത്ത വളരെ ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പരാതിയുണ്ടെങ്കിൽ അത് പറയേണ്ടിടത്ത് പറയണമായിരുന്നുവെന്നും മരണത്തിൽ സർക്കാർ കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആത്മഹത്യയുടെ പിന്നിലെ കാരണമെന്തെന്ന് വസ്തുനിഷ്ടമായി അന്വേഷിക്കണമെന്നും എംഎൽഎ പറഞ്ഞു.