റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടി മരിച്ച സംഭവം: കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു
Update: 2024-06-21 10:30 GMT
തിരൂർ: മലപ്പുറം തിരൂരിൽ ഗേറ്റിൽ കുടുങ്ങി കുട്ടി മരിച്ച സംഭവത്തിൽ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. രണ്ടു ഭാഗത്തുന്നുമുള്ള സമ്മർദം കാരണം കഴുത്തിന് ഒടിവുണ്ടായെന്നും റിപ്പോർട്ട്.
ഇന്നലെയാണ് തിരൂർ വൈലത്തൂരിൽ വീടിന്റെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പതുവയസുകാരനായ മുഹമ്മദ് സിനാൻ മരിച്ചത്. വൈലത്തൂർ ചെലവിൽ സ്വദേശി അബ്ദുൽ ഗഫൂർ-സജ്നാ ദമ്പതികളുടെ മകനാണ് സിനാൻ. അയൽപക്കത്തെ വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നു അടക്കുമ്പോൾ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.
ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ ആലിൻ ചുവട് എം.ഇ.ടി സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്