'തീവ്രവാദ സംഘടനയായ സിമിയുടെ മുൻ പ്രവർത്തകൻ മന്ത്രിയായിരിക്കെ ക്രൈസ്തവരോട് അനീതിയും വിവേചനവും കാണിച്ചു'; കെ.ടി ജലീലിനെതിരെ 'ദീപിക'

കോടിയേരി ബാലകൃഷ്ണൻ മരിച്ചതോടെ സംസ്ഥാന സർക്കാർ മതേതര നിലപാടിൽ മാറ്റം വരുത്തിയെന്നും ഫാ. ജയിംസ് കൊക്കാവയലിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

Update: 2023-11-26 06:51 GMT
Advertising

കോഴിക്കോട്: മുൻ മന്ത്രി കെ.ടി ജലീലിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് 'ദീപിക' പത്രം. 'അബ്ദുറഹ്മാനേ, അൽപം റഹീം...' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജലീലിനെതിരെ വിമർശനമുള്ളത്. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മുൻ പ്രവർത്തകൻ ന്യൂനപക്ഷ മന്ത്രിയായിരിക്കെ ക്രൈസ്തവരോട് ചെയ്തത് അനീതിയും വിവേചനവുമായിരുന്നുവെന്ന് ലേഖനത്തിൽ പറയുന്നു.

ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരിൽ മുസ്‌ലിം പ്രീണനമാണ് നടക്കുന്നതെന്നും സംസ്ഥാന സർക്കാർ ക്രൈസ്തവരെ അവഗണിക്കുകയാണെന്നും ലേഖനം പറയുന്നു. ക്രൈസ്തവ സഭകളുടെ ആവശ്യപ്രകാരം രണ്ടാം പിണറായി മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു സമുദായം തന്നെ കൈകാര്യ ചെയ്യുന്നത് ശരിയല്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചിരുന്നത്. എന്നാൽ കോടിയേരിയുടെ മരണത്തിന് പിന്നാലെ സർക്കാർ മതേതര നിലപാട് തിരുത്തി മറ്റൊരു മന്ത്രിക്ക് വകുപ്പിന്റെ ചുമതല കൈമാറി.

ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽനിന്ന് ക്രൈസ്തവർക്ക് വായ്പ നൽകുന്നില്ല. ഫണ്ട് ഇല്ലെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വായ്പ നിഷേധിക്കുന്നത്. നേരത്തെ വായ്പയെടുത്തവരുടെ രണ്ടാം ഗഡു വായ്പ പോലും നൽകുന്നില്ല. ലോണിന് ഫണ്ടില്ലെന്ന് പറയുന്നവർ മദ്രസാ അധ്യാപകർക്ക് പലിശ രഹിത വായ്പാ പദ്ധതി നടപ്പാക്കാൻ പോകുന്നത്. പലിശരഹിത വായ്പാ പദ്ധതി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ അനുവദനീയമാണോ എന്ന ചോദ്യവുമുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന് ബ്രാഞ്ചുകളില്ല. ക്രൈസ്തവ പേരുള്ള ഒരു വനിത മാത്രമാണ് ന്യൂനപക്ഷ കമ്മീഷനിലുള്ളത്. പുരുഷ അംഗങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ തിരുത്തിക്കാൻ ഇവർക്കാവില്ല. പാലോളി കമ്മീഷൻ ശിപാർശകൾ നടപ്പാക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച സർക്കാർ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ അമാന്തം കാണിക്കുകയാണെന്നും ലേഖനത്തിൽ ആരോപണമുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News