സ്കൂള്‍ ട്രാന്‍സ്ഫർ വൈകിയത് മലബാർ ജില്ലകളിലെ പ്ലസ് വണ്‍ വിദ്യാർഥികള്‍ക്ക് തിരിച്ചടിയായി
ആദ്യ അലോട്ട്മെന്‍റുകള്‍ ശേഷം നടക്കാറുള്ള സ്കൂള്‍ ട്രാന്‍സഫ് ഇപ്പോള്‍ നടന്നത് സെക്കന്‍ഡ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമാണ്
മലപ്പുറം: സ്കൂള്‍ ട്രാന്‍സ്ഫർ വൈകിയത് മലബാർ ജില്ലകളിലെ പ്ലസ് വണ്‍ വിദ്യാർഥികള്‍ക്ക് തിരിച്ചടിയായി. ആദ്യ അലോട്ട്മെന്‍റുകള്‍ ശേഷം നടക്കാറുള്ള സ്കൂള്‍ ട്രാന്‍സഫ് ഇപ്പോള്‍ നടന്നത് സെക്കന്‍ഡ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമാണ്. വീടിന് സമീപത്തെ സ്കൂളിലേക്ക് മാറാമെന്ന് കരുതി വിദൂരങ്ങളിലെ സ്കൂളില്‍ പ്രവേശനം നേടിയ കുട്ടികള്‍ ഇതോടെ വെട്ടിലായി. ദൂരെയുള്ള സ്കൂളില്‍ നിന്ന് ടിസി വാങ്ങി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറിയിരിക്കുകയാണ് പല വിദ്യാർഥികളും.
പാലക്കാട് പൊറ്റശ്ശേരി സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്ന അഭിന് രണ്ട് മണിക്കൂറോളം സഞ്ചരിച്ച് വേണം പ്ലസ് വൺ പ്രവേശനം ലഭിച്ച അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്താൻ. സ്കൂള്‍ ട്രാന്‍സ്ഫറില്‍ മാറി മറ്റു സ്കൂളിലേക്ക് പോകാമെന്ന് വിചാരിച്ച അഭിന്‍ ഇപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട് അവസ്ഥയിലാണ്. ഈ സ്കൂളിൽ മാത്രം എഴുപത് വിദ്യാർഥികളാണ് അട്ടപ്പാടി ചുരം കയറി പഠിക്കാനെത്തുന്നത്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ഒന്നാമത്തെ അലോട്ട്മെന്‍റ് കഴിഞ്ഞ ഉടൻ ട്രാൻസ്ഫർ നടന്നു. എന്നാൽ ഹയർ സെക്കൻഡറിയിൽ ഇത്തവണ 3 അലോട്ട്മെന്‍റും രണ്ട് സ്പ്ലിമെന്‍ററി അലോട്ട്മെന്‍റും കഴിഞ്ഞാണ് ട്രാൻസ്ഫറിന് അവസരം നൽകിയത്. അതോടെ മിക്കവാറും എല്ലാ സ്കൂളിലും പ്രവേശം ഏറെക്കുറെ പൂർത്തിയായിരുന്നു. ഇഷ്ട്ടപെട്ട കോഴ്സിലേക്കും സ്കൂളിലേക്കും ട്രാൻസ്ഫർ ലഭിക്കുമെന്ന് പ്രതീക്ഷിച്ച നിരവധി കുട്ടികൾ നിരാശപ്പെടേണ്ടി വന്നു.
ട്രാൻസ്ഫർ കിട്ടാത്ത നിരവധി വിദ്യാര്‍ഥികൾ ടി.സി വാങ്ങി സ്വകാര്യ സ്ഥാപനങ്ങളിൽ ചേർന്നു. ഓൺ റിസ്ക് എന്ന് എഴുതിയത് മുഴുവൻ സ്കൂൾ ട്രാൻസ്ഫർ ലഭിക്കാതെ സ്വന്തം നിലക്ക് ടി.സി വാങ്ങി പോയ കുട്ടികളുടെ കണക്കാണ്. നഗരങ്ങളിലെ സ്കൂളില്‍ ഒഴിവ് വരുമെന്ന് കരുതി മലയോരങ്ങളിലെ സ്കൂളില്‍ ചേർന്നവർക്ക് തിരിച്ചു വരാനായില്ല.