കെ.വി തോമസിനെതിരായ നടപടി നാളെ ചേരുന്ന അച്ചടക്കസമിതി ചർച്ച ചെയ്യും
''കെ.വി തോമസും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അച്ചടക്ക സമിതിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ ശിപാർശ ചെയ്യേണ്ടത്. ആ കമ്മിറ്റി നാളെത്തന്നെ കൂടുമെന്നാണ് കരുതുന്നത്''
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി തോമസിനെതിരായ നടപടി എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിക്ക് വിട്ടു. സമിതി നാളെ യോഗം ചേരുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡുമായി ആലോചിക്കാതെ സുധാകരൻ എടുത്തുചാടി വിലക്ക് ഏർപ്പെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ല. വിലക്ക് വന്ന സാഹചര്യത്തിൽ എഐസിസി അതിനെ മറികടക്കേണ്ടെന്ന് തീരുമാനിച്ചതാണ്. പിണറായി വിജയനുമായി കെ.വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു. പിണറായിയുടെ ഉദ്ദേശ്യം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുമെന്നും വേണുഗോപാൽ പറഞ്ഞു.
കെ.വി തോമസും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അച്ചടക്ക സമിതിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ ശിപാർശ ചെയ്യേണ്ടത്. ആ കമ്മിറ്റി നാളെത്തന്നെ കൂടുമെന്നാണ് കരുതുന്നത്. ഒരു ചുക്കും സംഭവിക്കില്ല, തോമസ് പാർട്ടിയിൽ തന്നെയുണ്ടാവുമെന്ന് പിണറായി പറയുമ്പോൾ എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്ന് എല്ലാവർക്കും മനസ്സിലാവും. കെ.വി തോമസ് എഐസിസി മെമ്പറാണ്. എഐസിസി മെമ്പറെ പുറത്താക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് പിസിസിയുടെ ശിപാർശ എഐസിസി പ്രസിഡന്റിന് കിട്ടിയിട്ടുണ്ട്. ശിപാർശ അച്ചടക്കസമിതിക്ക് അയച്ചിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് കെ.വി തോമസുമായി മുന്നുതവണ ഫോണിൽ സംസാരിച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.