വിവാദ ഫേസ്ബുക്ക് പോസ്റ്റ്: പി. ബാലചന്ദ്രൻ എം.എൽ.എക്ക് സി.പി.ഐയുടെ പരസ്യശാസന
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാവും ജനപ്രതിനിധിയുമായ പി. ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാർട്ടി നിലപാടുകൾക്ക് യോജിക്കാത്തവിധത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് വിലയിരുത്തിയത്.
തൃശൂർ: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പി. ബാലചന്ദ്രൻ എം.എൽ.എക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. എം.എൽ.എയെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചതായി സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അറിയിച്ചു. ഇന്ന് ചേർന്ന പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് എം.എൽ.എ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാവും ജനപ്രതിനിധിയുമായ പി. ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാർട്ടി നിലപാടുകൾക്ക് യോജിക്കാത്തവിധത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് വിലയിരുത്തിയത്.
രാമായണത്തിലെ രാമനും ലക്ഷമണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്ന കുറിപ്പാണ് വിവാദമായത്. വിമർശനമുയർന്നതോടെ കുറിപ്പ് പിൻവലിച്ച എം.എൽ.എ ക്ഷമാപണം നടത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞിരുന്നു.