ഇൻസന്റീവ് വിതരണം പ്രഖ്യാപനത്തിലൊതുങ്ങി; ക്ഷീര കർഷകർ പ്രതിസന്ധിയിൽ

ഉത്പാദന ചെലവ് ഇരട്ടിക്കുമ്പോഴും പാൽ വില മാറ്റമില്ലാതെ തുടരുന്നതിനെ കുറിച്ച് ക്ഷീര കർഷകർ പരാതി പറയുന്നത് ആദ്യമല്ല. എന്നാൽ ചില പ്രഖ്യാപനങ്ങൾക്കപ്പുറം മറ്റൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.

Update: 2022-11-15 01:45 GMT
Advertising

പത്തനംതിട്ട: കാലിത്തീറ്റയുടെ വില കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. ഉത്പാദന ചെലവിന് അനുസരിച്ച് പാലിന് വില ലഭിക്കാത്തതും ഇൻസെന്റീവ് വിതരണം പ്രഖ്യാപനത്തിലൊതുങ്ങിയതുമാണ് പ്രതിസന്ധിയുടെ കാരണം. ക്ഷീരമേഖലയിൽ അടിയന്തര ഇടപെടലുകളുണ്ടായില്ലെങ്കിൽ ഇനിയും മുന്നോട്ട് പോകാനാവില്ലെന്നാണ് കർഷകർ പറയുന്നത്.

ഉത്പാദന ചെലവ് ഇരട്ടിക്കുമ്പോഴും പാൽ വില മാറ്റമില്ലാതെ തുടരുന്നതിനെ കുറിച്ച് ക്ഷീര കർഷകർ പരാതി പറയുന്നത് ആദ്യമല്ല. എന്നാൽ ചില പ്രഖ്യാപനങ്ങൾക്കപ്പുറം മറ്റൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിനായി കർഷകന് 50 രൂപ ചെലവാകുമെന്നാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ ക്ഷീര സംഘങ്ങളിൽ പാൽ വിറ്റാൽ ഇവർക്ക് ലഭിക്കുന്നതാകാട്ടെ പരമാവധി 40 രൂപ മാത്രവും. ഇതിന് പിന്നാലെയാണ് അടിക്കടിയുണ്ടാവുന്ന കാലിത്തീറ്റ വർധന കൂടിയാവുന്നതോടെ സർക്കാർ സഹായമില്ലാത്തെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലാണ് കർഷകർ.

സർക്കാർ സ്ഥാപനങ്ങളായ കേരള ഫീഡ്‌സും മിൽമയും പുറത്തിറക്കുന്ന കാലിത്തീറ്റകൾക്ക് ഒരു മാസത്തിനിടെ മാത്രം 150 മുതൽ 200 രൂപവരെയാണ് വില വർധിച്ചത്. കന്നുകാലികളുടെ പരിപാലനത്തിനും മറ്റുമായി വേറെയും തുക ഓരോ ദിവസവും ചിലവാകുന്നുണ്ട്. കർഷകരെ സഹായിക്കുന്നതിനായി ഇക്കഴിഞ്ഞ ഓക്ടോബറിലാണ് ഒരു ലിറ്റർ പാലിന് നാലുരൂപ വീതം സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. എന്നാൽ ഒരൊറ്റ മാസമൊഴിച്ചാല് ഈ ആനുകൂല്യം കർഷകർക്ക് പിന്നീട് ലഭിച്ചിട്ടേയില്ല.

പാൽ വില വർധിപ്പിക്കണമെന്ന് പരാതി പറഞ്ഞ് മടുത്ത കർഷകർ ഇപ്പോൾ് ആവശ്യപ്പെടുന്നത് കാലിത്തീറ്റയുടെ വിലയെങ്കിലും പിടിച്ചുനിർത്തണമെന്നാണ്. ക്ഷീരമേഖലയുടെ സഹായത്തിനായി ഇക്കാര്യം പോലും നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിലും ഇനിയും തങ്ങൾക്ക് മുന്നോട്ട് പോകാനാവില്ലെന്നും കർഷകർ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News