ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ രേഖകൾ ലഭിച്ചിരുന്നു; ഉപയോഗിക്കേണ്ടെന്ന് ഞാനും പിണറായിയും നിലപാടെടുത്തു-പി.ജയരാജൻ

'നിയമസഭാ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയുടെ അടുത്തിരുന്ന് ഇങ്ങനെ ചില രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും എന്നാൽ ഇങ്ങനെയൊരു വൃത്തികെട്ട കളിക്ക് ഞങ്ങളില്ലെന്നും പറഞ്ഞിരുന്നു': പി.ജയരാജൻ

Update: 2023-09-22 17:59 GMT
Advertising

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള പരാമർശത്തിന്‍റെ ഉള്ളടക്കം വസ്തുതയാണെന്ന് പി.ജയരാജൻ. തനിക്ക് ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെയുള്ള ചില രേഖകള്‍ ലഭിച്ചിരുന്നെന്നും എന്നാൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോട് കൂടിയാലോചിച്ച് കുടുംബപ്രശ്നങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേ രേഖകള്‍ മറ്റു പലർക്കും എ.ഐ.സി.സി ആസ്ഥാനത്തും ലഭിച്ചിരുന്നെന്നും ഉമ്മൻചാണ്ടി തന്നോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം അത് ആത്മകഥയിൽ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസിനകത്തുള്ള ആളുകളാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തി അദ്ദേഹത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിച്ചതെന്നും പി.ജയരാജൻ കൂട്ടിച്ചേർത്തു.

'മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആത്മകഥയിൽ പറഞ്ഞ ഭാഗം പത്രങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഉള്ളടക്കത്തിൽ ഇത് വസ്തുതാപരമാണ്. എന്നാൽ വിശാംദശങ്ങളിൽ ചില വിശദീകരണം ആവശ്യമാണ്. ആത്മകഥയുടെ ഈ ഭാഗത്ത് അന്ന് സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി എന്നെ ഉമ്മൻചാണ്ടിയുടെ അടുത്തേക്ക് അയച്ചു എന്നാണ്. യഥാർത്ഥത്തിൽ അന്ന് സി.പി.എമ്മിന്‍റെ നിയമസഭാ കക്ഷി സെക്രട്ടറിയായ എനിക്ക് എം.എൽ.എ ഓഫീസിൽ നിന്ന് ചില രേഖകള്‍ കിട്ടി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങളും ചില രേഖകളും ഉള്‍ക്കൊള്ളുന്നതുമാണത്. നിയമസഭയിൽ ഈ വിഷയം ഉന്നയിക്കണം എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഇതെനിക്ക് അയച്ചു തരുന്നത്. ഞാൻ അത് വായിക്കുകയും അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായിയോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഇതൊക്കെ ഓരോരുത്തരുടെയും കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നമാണ് അതൊരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. നിയമസഭാ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയുടെ അടുത്തിരുന്ന് ഇങ്ങനെയൊരു കാര്യം കിട്ടിയിട്ടുണ്ടെന്നും എന്നാൽ ഇങ്ങനെയൊരു വൃത്തികെട്ട കളിക്ക് ഞങ്ങളില്ലെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത്തരം രേഖകള്‍ അടങ്ങിയ സാധനങ്ങള്‍ പലർക്കും, എ.ഐ.സി.സി ആസ്ഥാനത്തും എത്തിച്ച് കൊടുത്തിട്ടുണ്ടെന്നാണ്. എന്നാൽ അത് അദ്ദേഹം ആത്മകഥയിൽ സൂചിപ്പിച്ചിട്ടില്ല. അത് കോൺഗ്രസിനകത്തെ ചേരിതിരിവിന്‍റെ ഭാഗമാണെന്നാണ് ഞാൻ അനുമാനിക്കുന്നത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ മൂല്യാധിഷ്ടിതമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ രാഷ്ട്രീയമായിട്ടുള്ള പ്രശ്നമാക്കി മാറ്റി അത് മുതലെടുക്കില്ല. കോൺഗ്രസിനകത്തുള്ള ആളുകളാണ് അത്തരത്തിൽ ഒരു പ്രചരണം നടത്തി അദ്ദേഹത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിച്ചത്'. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News