ട്രഷറിയിൽ പൂച്ച പെറ്റ് കിടപ്പുണ്ടോ? ധനമന്ത്രിയുടെ മറുപടി ഇങ്ങനെ...
''പണം ധൂർത്തടിക്കുകയാണെന്ന വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറാകും. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങളൊരു തുറന്ന ചർച്ചക്ക് തയ്യാറാണ്''
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രസ്താവനയുടെ മറവിൽ കേരളത്തിലൊന്നും നടക്കുന്നില്ലെന്നും സംസ്ഥാനം പാപ്പരായിപ്പോയെന്നുമുള്ള പ്രചാരണങ്ങൾ ദുരുപദിഷ്ടമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
''ട്രഷറി മുഴുവൻ പ്രവർത്തന സജ്ജവും സജീവവുമാണ്. ട്രഷറിയുടെ പ്രവർത്തന നിരതയുടെ അളവുകോലെന്താണ്? വരവും ചെലവും നല്ല നിലയിൽ വർദ്ധിക്കുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്. വരവിലും ചെലവിലും എല്ലാം പൂർവകാല റെക്കോർഡുകളെയും തകർത്തുകൊണ്ടാണ് ട്രഷറി പ്രവർത്തിക്കുന്നത്''- ധനമന്ത്രി പറഞ്ഞു
''2020-21ൽ സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപ ആയിരുന്നു. 2022-23ൽ അത് 1,58,738 കോടി രൂപയായി ഉയർന്നു. ഈ വർഷം അവസാനം ആകുമ്പോഴേക്കും അത് 1,68,407 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ഏകദേശം 30,000 കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ന്യായമായ ഒരു ചെലവും വെട്ടിക്കുറക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വികസന ക്ഷേമ ചെലവുകൾ നടത്താതിരുന്നാൽ ഒരു ധനപ്രതിസന്ധിയും ഉണ്ടാകില്ല. അങ്ങനെയാണ് പല സംസ്ഥാനങ്ങളും ചെയ്യുന്നത്. കേരള സർക്കാറിന്റെ സമീപനം ചെലവുത്താരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടലല്ല''- മന്ത്രി വ്യക്തമാക്കി.
ഇക്കാര്യം പറയുമ്പോൾ പണം ധൂർത്തടിക്കുകയാണെന്ന വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറാകും. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങളൊരു തുറന്ന ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ എണ്ണം, ചെലവ് വിദേശ യാത്ര എന്നിവയെല്ലാം യുഡിഎഫ് കാലവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്ത് പരിശോധിക്കാമെന്നും അത്തരം ആരോപണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.