തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി
സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്.
Update: 2024-12-27 11:37 GMT
തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. മൂന്ന് വർഷത്തേക്കാണ് നടപടി.
സംസ്ഥാനത്ത് അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയിരുന്നു. അതിൽപ്പെട്ട കമ്പനിയാണ് സൺ ഏജ്. തിരുവനന്തപുരം ആർസിസിയിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സൺ ഏജ് ആയിരുന്നു. ഇവർ മറ്റൊരു ഏജൻസിക്ക് ഉപകരാർ നൽകുകയായിരുന്നു.
ഈ ഏജൻസിയാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയത്. 16 ടൺ മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സർക്കാർ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടർന്നാണ് കമ്പനിയുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.