ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും
പ്രസിഡന്റ് സ്ഥാനത്തേക്ക് കോഴിക്കോട്ടു നിന്നുള്ള വി.വസീഫിനാണ് കൂടുതൽ സാധ്യത
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപിക്കും.പുതിയ സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും ഇന്ന് തെരഞ്ഞെടുക്കും.വൈകീട്ട് നടക്കുന്നപൊതുസമ്മേളനം സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ.സനോജ് തന്നെ തുടർന്നേക്കും.പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഒന്നിലധികം ആളുകളുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കോഴിക്കോട്ടു നിന്നുള്ള വി.വസീഫിനാണ് കൂടുതൽ സാധ്യത. സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തിയചിന്ത ജെറോമിനേയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഉടൻ മറ്റൊരു പദവി കൂടി നൽകുന്നതിൽ അഭിപ്രായ വ്യത്യാസം ഉള്ളവരുണ്ട്.
കൊല്ലത്തു നിന്നുള്ള അരുൺ ബാബുവോ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാനോ സംസ്ഥാന ട്രഷറർ ആകും. അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തിന് സാധ്യതയുള്ള ജെയ്ക്ക് സി.തോമസിനെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല.പ്രായപരിധി പിന്നിട്ട സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും ട്രഷറർ എസ്.കെ സജീഷും പദവികൾ ഒഴിയും.
പൊതു ചർച്ചയിൽ ഉയർന്നു വന്ന വിമർശനങ്ങൾക്ക് അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം മറുപടി പറയും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ 2 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.