പരിസ്ഥിതി ലോല മേഖല ഉത്തരവ്; കേരളം സുപ്രിംകോടതിയെ സമീപിക്കും
വനംമന്ത്രി എ.കെ ശശീന്ദ്രൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിധിയിൽ ഇളവ് തേടി കേരളം സുപ്രിംകോടതിയെ സമീപിക്കും. വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനവാസ മേഖല ഒഴിവാക്കണമെന്ന കാര്യത്തില്‍ കേന്ദ്രത്തിനും കേരളത്തിനും ഒരേ അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു.
സുപ്രിംകോടതി വിധിയില്‍ കർഷക സമൂഹം ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ അവർക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കർഷക താൽപര്യം സംരക്ഷിക്കാനുള്ള വഴികളാണ് സർക്കാർ സ്വീകരിക്കുന്നത്. കർഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ മാസത്തിൽ സുപ്രിംകോടതി അവധി കഴിഞ്ഞു തുറക്കുമ്പോൾ ഹരജി സമര്‍പ്പിക്കാനാണ് നീക്കം. ഇതിനൊപ്പം എംപവർ കമ്മിറ്റിയുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തും. നിലവിൽ കേന്ദ്രത്തിന് സമർപ്പിച്ച പ്രപ്പോസൽ പരിഷ്കരിക്കണോ അതോ പുതിയ പ്രപോസൽ നൽകണമോ എന്ന് നിയമോപദേശത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.