മസാല ബോണ്ട്‌ കേസ്: തോമസ് ഐസക്കിന് സമൻസ് അയക്കുന്നതിൽ ഇ.ഡി നിയമോപദേശം തേടും

പുതിയ സമൻസും നിയമക്കുരുക്കിൽപ്പെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം

Update: 2024-01-05 02:15 GMT
Advertising

കൊച്ചി: കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിനും കിഫ്‌ബി ഉദ്യോഗസ്ഥർക്കും സമൻസ് അയക്കുന്നതിൽ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടും. ഹൈകോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സമൻസ് അയക്കാമോ എന്നതിൽ ആശയക്കുഴപ്പം തുടരുന്നതിനാലാണ് ഇത്.

കേസിൽ അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞെങ്കിലും പുതിയ സമൻസും നിയമക്കുരുക്കിൽപ്പെടുന്നത് ഒഴിവാക്കുകയാണ് ഇ ഡി യുടെ ലക്ഷ്യം. മസാല ബോണ്ട് കേസിൽ അന്വേഷണം തടയണമെന്ന് കിഫ്ബി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. കേസിൽ അന്വേഷണം തുടരാമെന്നും എന്നാൽ മുൻ മന്ത്രി തോമസ് ഐസക് അടക്കമുള്ളവർക്ക് വ്യക്തിഗത വിവരങ്ങൾ തേടി കൊണ്ടുള്ള സമൻസ് അയക്കരുതെന്നുമായിരുന്നു കോടതി നിർദേശം.

ഇതോടെ ഒന്നര വർഷം മുൻപ് നൽകിയ സമൻസ് ഇ ഡി പിൻവലിച്ചിരുന്നു. പുതിയ സമൻസ് അയക്കുന്നതിൽ കോടതി പ്രത്യേകിച്ചൊരു നിർദ്ദേശവും നൽകാത്തതിനാലാണ് നിയമോപദേശം തേടാനുള്ള തീരുമാനം. സമീപകാലത്ത് വിവിധ കേസുകളിൽ സമൻസിന്റെ കാര്യത്തിൽ കോടതിയിൽ നിന്നും ഇ ഡി തിരിച്ചടി നേരിട്ടിരുന്നു. അതിനാൽ പുതിയ സമൻസും നിയമ കുരുക്കിൽപ്പെടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവുമുണ്ട്.

നിയമോപദേശം ലഭിച്ച ശേഷമാകും മുൻ മന്ത്രി തോമസ്, കിഫ്‌ബി സി ഇ ഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി തോമസ് എന്നിവർക്ക് സമൻസ് നൽകുക. തോമസ് ഐസക് അടക്കമുള്ളവരെ ചോദ്യം ചെയ്യാതെ അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഇ ഡി. 2500 കോടി രൂപയാണ് മസാല ബോണ്ട് വഴി കിഫ്ബി വിദേശത്ത് നിന്നും സമാഹരിച്ചിരുന്നത്. ഇതിൽ ഫെമ നിയമ ലംഘനം നടന്നതിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇ ഡി യുടെ ആരോപണം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News