ഹയര്‍സെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യഭ്യാസ വകുപ്പ്
ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി ശരി വച്ചാല്‍ വീണ്ടും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍
തിരുവനന്തപുരം: ഹയര്‍സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പൊതു വിദ്യഭ്യാസ വകുപ്പ്. ഉദ്യോഗസ്ഥരുമായും നിയമവിദഗ്ധരുമായും കൂടിയാലോചിച്ച ശേഷമാകും അന്തിമതീരുമാനം ഉണ്ടാവുക. ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി ശരി വച്ചാല്‍ വീണ്ടും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് സ്ഥലമാറ്റപട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തില്‍ പട്ടിക പുനഃപ്രസിദ്ധീകരിക്കണം എന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ആശയവിനിമയത്തിലെ അപാകതയാണ് പ്രതിസന്ധിക്ക് കാരണം. അതുകൊണ്ട് തന്നെ ഉടനടി നിയമോപദേശം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതേമയം ഫെബ്രുവരിയില്‍ പട്ടിക ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ നീക്കം ചെയ്തില്ല എന്ന് മാത്രമല്ല വിഷയത്തില്‍ ഇടപെടാനും കോടതി തയ്യാറായില്ല. പകരം ട്രൈബ്യൂണലില്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇക്കുറിയും അതേ നിലപാട് തന്നെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ സര്‍ക്കാറിന് അത് വീണ്ടും തിരിച്ചടിയാകും. അപ്പീല്‍ പോയാല്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പ്രശ്‌നപരിഹാരം ഉണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.