'ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പകർന്ന് ചെറിയ പെരുന്നാൾ'; പ്രതിപക്ഷ നേതാവിന്റെ ആശംസ

മാനവികതയും സാഹോദര്യ മൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ ഓര്‍മപ്പെടുത്തുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Update: 2024-04-09 16:02 GMT
Advertising

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഇസ്‍ലാം മതവിശ്വാസികള്‍ക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാന്‍ മാസം. ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യ മൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ ഓര്‍മപ്പെടുത്തുന്നത്. ത്യാഗം, സ്നേഹം, നന്ദി എന്നീ സന്ദേശങ്ങളാണ് ചെറിയ പെരുന്നാള്‍ ലോകമാകെ വ്യാപിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. 

കേരളത്തിൽ നാളെയാണ് ചെറിയ പെരുന്നാൾ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ ബുധനാഴ്ച ചെറിയ പെരുന്നാളാണെന്ന് പാളയം ഇമാം വി.പി. ശുഐബ് മൗലവിയും കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ മദനിയും അറിയിച്ചു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News