ഇലന്തൂര്‍ ഇരട്ട നരബലി; രണ്ടാമത്തെ കേസിലെ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും
കാലടി സ്വദേശി റോസ്‍ലിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് അന്വേഷണ സംഘം പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കുക
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിയില്‍ രണ്ടാമത്തെ കേസിലെ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. കാലടി സ്വദേശി റോസ്‍ലിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് അന്വേഷണ സംഘം പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കുക. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികള്‍.
എറണാകുളം കാലടി സ്വദേശിയായ റോസ്‍ലിയെ പ്രതികള്‍ ഇലന്തൂരിലെത്തിച്ചാണ് നരബലിക്ക് ഇരയാക്കിയത്. കാലടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ കുറ്റപത്രമാണ് അഡീഷണല്‍ എസ് പി, ടി.ബിജി ജോര്‍ജിന്‍റെ നേതൃത്വത്തിലുളള അന്വേഷണസംഘം തയ്യാറാക്കിയത്. കുടുംബത്തിന്‍റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മനുഷ്യ മാംസം കറി വച്ച് കഴിച്ചതിനാല് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തമിഴ്നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ഈ മാസം 6ന് എറണാകുളം എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.