മൂന്ന് പേരുടെ മരണത്തിൽ പങ്ക്; ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി
യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നുപേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്നാണ് കരുതുന്നത്.
അതേസമയം, ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും.കോഴിക്കോട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എസ് വി മനേഷ് രാവിലെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് കോടതി നടപടികള്‍ പൂർത്തിയാക്കിയത്.
ഷാരൂഖിന് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്. ഈ സാഹചര്യത്തിൽ ഷാരൂഖിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.