ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരുടെ തെരഞ്ഞെടുപ്പ് നാളെ
ഓൺലൈനായാണ് തെരഞ്ഞെടുപ്പ്
ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരുടെ തെരഞ്ഞെടുപ്പ് നാളെ . എറണാകുളം കോലഞ്ചേരിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് മെത്രാപ്പൊലീത്തമാരെ തെരഞ്ഞെടുക്കുക. ഓൺലൈനായി ഏഴ് പേരെയാണ് തെരഞ്ഞെടുക്കുക.
ഓർത്തഡോക്സ് സഭയുടെ ഒഴിവ് വന്ന ഏഴ് ഭദ്രാസനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. മാനേജിംഗ് കമ്മിറ്റി നൽകിയിരിക്കുന്ന 11 നാമനിർദ്ദേശങ്ങളിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെടുക. കോവിഡ് പശ്ചാത്തലത്തിൽ നാലായിരത്തോളം പ്രതിനിധികൾ ഓൺലൈനായി വോട്ട് രേഖപ്പെടുത്തും. ചരിത്രത്തിൽ ആദ്യമായാണ് ഓൺലൈൻ വോട്ടിംഗ്. ക്രമക്കേട് ഒഴിവാക്കാൻ ഒടിപി സംവിധാനം വഴിയാണ് വോട്ടിംഗ്. വിജയിക്കാൻ പുരോഹിതരുടെയും അസോസിയേഷൻ അംഗങ്ങളുടെയും ചേർത്ത് 50 ശതമാനത്തിൽ അധികം വോട്ട് ലഭിക്കണം.
കോലഞ്ചേരിയിലെ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന വേദിയാണ് തെരഞ്ഞെടുപ്പ് കേന്ദ്രം. വോട്ട് രേഖപ്പെടുത്തേണ്ടവർ വൈകീട്ട് അഞ്ച് മുതൽ നാളെ ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് വോട്ടിംഗ്. തുടർന്ന് വിജയികളെ കാതോലിക്ക ബാവ പ്രഖ്യാപിക്കും. പിന്നീട് സൂന്നഹദോസ് ചേർന്നാകും മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹനം നിശ്ചയിക്കുക.