നിളയെ പ്രണയിനിയായി കണ്ട എം.ടി
മുത്തങ്ങ സമരത്തോടൊപ്പവും പെരിങ്ങോം ആണവനിലയ വിരുദ്ധ സമരത്തിലും ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് എം.ടി.
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എം.ടി വാസുദേവൻ നായരുടെ രചനകളിൽ നിറയെ പച്ചപ്പും പരിസ്ഥിതി ചിന്തയുമായിരുന്നു. എഴുത്തിനപ്പുറം നിലപാടുകളിലും എം.ടിയിലെ പരിസ്ഥിതിവാദിയെ കാണാം. മുത്തങ്ങ സമരത്തോടൊപ്പവും പെരിങ്ങോം ആണവനിലയ വിരുദ്ധ സമരത്തിലും ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് എം.ടി.
നിളാ നദിയെ പ്രണയിനിയായിക്കണ്ട എം.ടി എന്ന രണ്ടക്ഷരത്തിന് താഴെ കുറിച്ചിട്ടതെല്ലാം മലയാളി ആർത്തിയോടെ വായിച്ചു തീർത്തവയാണ്. എം.ടിയുടെ കഥാപ്രപഞ്ചത്തിൽ നിള ഒരു സജീവ കഥാപാത്രമായി നിന്നു. സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും കഥകൾ നിളയെ സാക്ഷിയാക്കി മഹാകഥാകാരൻ നിരവധി തവണ പറഞ്ഞു. ആ നിളയും തന്റെ ബാല്യകാലത്തെ സജീവമാക്കിയ കുമരനെല്ലൂരിലെ കുളങ്ങളും കണ്മുന്നിൽ ഇല്ലാതാവുന്നതിലെ കഥാകാരന്റെ വേദനയും ഉത്കണ്ഠയും രചനകളിൽ നിറഞ്ഞു നിന്നു.
പരിസ്ഥിതി ചിന്തകളടങ്ങിയ ആ എഴുത്തുകൾ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജന്മനാടായ പാലക്കാട്ടെ കൂടല്ലൂരും അച്ഛന്റെ നാടായ തൃശൂരിലെ പുന്നയൂർക്കുളവും ബാല്യ കൗമാരങ്ങൾ ചെലവഴിച്ച നിളയുടെ തീരത്തെ ഗ്രാമങ്ങളുമാണ് എം.ടിയിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയത്.
പാടവരമ്പും തൊടിയും കുളവും പുഴയുടെ തീരവും നാട്ടിൻപുറത്തിന്റെ നന്മയും എം.ടിയുടെ കഥകളിലും നോവലുകളിലും തിരക്കഥകളിലുമെല്ലാം സ്ഥിരം ചേരുവകളാവുന്നതിന്റെ യുക്തിയും ഹരിതബോധ്യത്തിലൂന്നിയ ഈ ചിന്തകളാണ്. നിളാ നദി മെലിഞ്ഞതിന് പിന്നിൽ വൻകിട മണലൂറ്റലാണെന്നും കുടിവെള്ളത്തോളം വിലമതിക്കാനാവുന്ന ഒരു സമ്പത്ത് വേറെയില്ലെന്നും കിട്ടിയ വേദികളിലെല്ലാം എം.ടി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.
തുഞ്ചൻ പറമ്പിലെ സാംസ്‌കാരിക ഇടപെടലുകളിലും എം.ടിക്കുള്ളിലെ പരിസ്ഥിതിവാദിയെ കാണാം. 2003ൽ വയനാട്ടിലെ ആദിവാസികൾ ഭൂമിക്കായി നടത്തിയ മുത്തങ്ങ സമരത്തിനും പെരിങ്ങോം ആണവനിലയ വിരുദ്ധ മുന്നേറ്റത്തിനും എം ടി യിലെ പോരാളി ഇന്ധനം പകർന്നു. സാംസ്‌കാരിക പ്രവർത്തകരിൽ വരും തലമുറക്കായി ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന കാലത്താണ് പച്ചപ്പിനെ പ്രണയിച്ച മഹാകഥാകാരൻ വിടവാങ്ങുന്നത്.