ഇ.പി ജയരാജന്‍ വധശ്രമക്കേസ്; സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ
ഗൂഢാലോചനയിൽ സുധാകരന് പങ്കുണ്ടെന്ന് അപ്പീലിൽ ആരോപണം
ഡല്‍ഹി: ഇ.പി ജയരാജനെതിരായ വധശ്രമക്കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ സുപ്രിം കോടതിയിൽ . കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കിയതിന് എതിരെയാണ് അപ്പീൽ നൽകിയത്. ഗൂഢാലോചനയിൽ സുധാകരന് പങ്കുണ്ടെന്ന് അപ്പീലിൽ ആരോപണം.
ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. ഗൂഢാലോചന കേസില്‍ നേരത്തെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതുപ്രകാരം വിചാരണ തുടങ്ങാനിരിക്കെയാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ. സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. സുധാകരനെതിരെ യാതൊരു തെളിവുകളുമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.
1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്‍ക്കിടെ ആന്ധ്രാപ്രദേശിലാണ് ജയരാജനുനേരെ വെടിവെപ്പുണ്ടായത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രം ചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.