'ഇൻകം ഉണ്ടെങ്കിലല്ലേ ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളൂ'; വൈദേകം റിസോർട്ട് തന്റേതല്ലെന്ന് ഇ.പി ജയരാജൻ
'കേരളം മുഴുവൻ ഒരുപോലെ, ഏത് ജില്ലയിലും പങ്കെടുക്കാം'
കണ്ണൂർ: വൈദേകം റിസോർട്ടിൽ ഒരു ഇൻകം ടാക്‌സുകാരും പരിശോധന നടത്തിയിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഇൻകം ഉണ്ടെങ്കിലല്ലേ ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളൂവെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.റിസോർട്ടിൽ നടന്നത് ടി.ഡി.എസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണ്. താൻ റിസോർട്ടിന്റെ ആരുമല്ല.ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് തനിക്കറിയാം...' ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു.
'സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ല എന്നു താൻ പറഞ്ഞിട്ടില്ല. തനിക്ക് കേരളം മുഴുവൻ ഒരു പോലെയാണെന്നും ഏതു ജില്ലയിലും പങ്കെടുക്കാമെന്നും ഇ.പി പറഞ്ഞു.
കണ്ണൂർ മോറാഴയിലെ വൈദേഹം റിസോർട്ടിൽ ഇന്നലെ 8 മണിക്കൂറിൽ അധികമാണ് ആദയ നികുതി വകുപ്പ് പരിശോധന നടത്തിയത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദയ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും. നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും.എന്നാൽ വൈദേകം റിസോർട്ടിൽ നടന്നത് സാധാരണ പരിശോധനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
അതിനിടെ കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിലെ നിക്ഷേപകരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതി. റിസോർട്ടിന്റെ മറവിൽ മുൻ ചെയർമാൻ അടക്കമുള്ളവർ കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഇ.ഡി നേരിട്ട് പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.