നയനാ സൂര്യന്റെ മരണം; ആത്മഹത്യാസാധ്യത തള്ളാനാവില്ലെന്ന് മുൻ ഫോറൻസിക് സർജൻ

നയനയ്ക്ക് ആക്സിഫിഷ്യോ ഫീലിയ ഉണ്ടോയെന്ന് അറിയണമെങ്കിൽ അവരുടെ ജീവചര്യകൾ മുഴുവൻ മനസിലാക്കണം.

Update: 2023-02-13 06:56 GMT
Advertising

തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യന്റെ മരണത്തിൽ ആത്മഹത്യാ സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുൻ ഫോറൻസിക് സർജന്റെ മൊഴി. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നും ഡോ. ശശികല ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്. മൃതദേഹത്തിൽ കഴുത്തിൽ ഉരഞ്ഞ പാടുകളുണ്ടായിരുന്നു.

മൃതദേഹത്തിനു സമീപം കണ്ടെത്തിയ പുതപ്പ് ഉപയോഗിച്ച് ഈ പാടുകൾ ഉണ്ടാക്കാം. മൃതദേഹം കിടന്ന മുറി താൻ സന്ദർശിച്ചിരുന്നു. അന്ന് കതകിന്റെ കുറ്റി അൽപ്പം പൊങ്ങിയ നിലയിലായിരുന്നു.

നയനയ്ക്ക് ആക്സിഫിഷ്യോ ഫീലിയ ഉണ്ടോയെന്ന് അറിയണമെങ്കിൽ അവരുടെ ജീവചര്യകൾ മുഴുവൻ മനസിലാക്കണം. നയനയുടെ മൃതദേഹം കോൾഡ് ചേമ്പറിൽ കയറ്റുന്നത് 2019 മാർച്ച് 24 ന് പുലർച്ചെ 2.30നാണ്. ഇതിന് 18 മണിക്കൂർ മുമ്പ് മരണം സംഭവിച്ചുവെന്നും ഡോക്ടർ ശശികലയുടെ മൊഴിയിൽ പറയുന്നു.

ക്രൈംബ്രാഞ്ച് സംഘത്തിനാണ് ഡോ. ശശികല മൊഴി നൽകിയത്. മരണം സംഭവിച്ച മുറിയിൽ ഡോ. ശശികല പോവുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. മരണം ആത്മഹത്യയാകാമെന്ന സാധ്യതയ്ക്കാണ് ശശികല മുൻഗണന നൽകുന്നത്.

എന്നാൽ കൊലപാതക സാധ്യത പൂർണമായും തള്ളിക്കളയാത്തതിനാൽ കൂടുതൽ പരിശോധനയ്ക്കാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. ഇപ്പോൾ സുഹൃത്തുക്കളുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇനി രണ്ട് സുഹൃത്തുക്കളുടെ മൊഴി കൂടി എടുക്കാനുണ്ട്.

ഇനി ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് അവരിൽ നിന്ന് അഭിപ്രായം തേടാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ആദ്യഘട്ട പൊലീസ് അന്വേഷണത്തിലെ വീഴ്ച മുൻനിർത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.

മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍- ഷീല ദമ്പതികളുടെ മകള്‍ നയന സൂര്യനെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News