ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
ഷീല സണ്ണിക്കെതിരെ വ്യാജ കേസ് ചമയ്ക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്‍ കൂട്ടുനിന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എക്‌സൈസ് കമ്മീഷണറുടെതാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്.
ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിക്കെതിരെ വ്യാജ കേസ് ചമയ്ക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്‍ കൂട്ടുനിന്നുവെന്ന് കണ്ടെത്തുകയായിരുന്നു. എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എല്‍.എസ്.ഡി സ്റ്റാംപ് കടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഷീല സണ്ണിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കി 72 ദവസം ജയിലിലിടുകയായിരുന്നു.
ചാലക്കുടിയില്‍ ഷീല നടത്തിവന്ന ബ്യൂട്ടി പാര്‍ലറില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.
എന്നാല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിക്കെതിരെ ഇത്തരമൊരു വിവരം ലഭിച്ച ഉടനെത്തന്നെ പശ്ചാത്തലമൊന്നും അന്വേഷിക്കാതെ അവരുടെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇത് കുറ്റകരമായ വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എക്‌സൈസ് കമ്മീഷണറുടെ നടപടി.