'സുഹൃത്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തു'; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം
ഈ മാസം 24 നാണ് മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. ഐബി ഉദ്യോഗസ്ഥനായ സുകേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് മധുസൂദനൻ പറഞ്ഞു. ട്രെയിന് മുന്നിൽ ചാടുന്നതിന് മുൻപ് മേഘ ഫോണിൽ സംസാരിച്ചിരുന്നത് സുകേഷുമായാണ്. ഫെബ്രുവരി മാസത്തെ ശമ്പളം സുകേഷിന്റെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തിരുന്നു. മകൾക്ക് സുകേഷിന്റെ ഭീഷണി ഉണ്ടായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു.
ഈ മാസം 24 നാണ് തിരുവനന്തപുരത്ത് ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. ഫോണിൽ സംസാരിച്ച് കൊണ്ട് പാലത്തിലൂടെ നടന്ന മേഘ പെട്ടെന്ന് ട്രെയിനിന് കുറുകെ കിടക്കുകയായിരുന്നുവെന്ന് ലോക്കോപൈലറ്റ് മൊഴി നൽകിയിട്ടുണ്ട്. 24 കാരിയായ മേഘ പത്തനംതിട്ട സ്വദേശിയാണ്.
നേരത്തെ തന്നെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.