കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന നിരക്ക്; 40, 000 രൂപ അധികം ചെലവാകും
എയർ ഇന്ത്യ മാത്രമാണ് കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറിലുള്ളത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്നവർക്ക് വെല്ലുവിളിയായി വീണ്ടും ഉയർന്ന ടിക്കറ്റ് നിരക്ക്. ഈ വർഷം കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് 1,25,000 രൂപ ടിക്കറ്റിന് നല്‍കേണ്ടിവരും. കണ്ണൂരിലെയും കൊച്ചിയിലെയും നിരക്കിനെക്കാള്‍ 40,000 രൂപയുടെ വർധനവാണിത്. യാത്രാനിരക്ക് കുറക്കാന്‍ കേന്ദ്രത്തിന് കത്തയച്ചെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.
ഈ വർഷം കണ്ണൂർ വിമാനത്തവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്ക് ടിക്കറ്റ് നിരക്ക് 87,000 രൂപയാണ്. കൊച്ചി വിമാനത്താവളത്തിലേത് 86000 രൂപയും. എന്നാല്‍ കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 1,25,000 രൂപയാണ്. മറ്റു വിമാനത്താവളങ്ങളെക്കാള്‍ 40,000 രൂപയുടെ വർധനവ്.
കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍ ഏറ്റവും കൂടുതല്‍ പേർ തെരഞ്ഞെടുത്തത് കരിപ്പൂർ വിമാനത്താവളമാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കരിപ്പൂരില്‍ നിന്നാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നതും എയർ ഇന്ത്യ മാത്രം ടെന്‍ഡറില്‍ പങ്കെടുത്തതാണ് ഉയർന്ന നിരക്ക് വരാന്‍ കാരണം. ഹജ്ജ് യാത്രാ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ ഇടപെടുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. കഴിഞ്ഞ തവണയും കരിപ്പൂരില്‍ നിന്ന് ഉയർന്ന ടിക്കറ്റ് നിരക്കാണ് ആദ്യം ഈടാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് പിന്നീട് കുറക്കുകയായിരുന്നു.