കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടിയില്ല; ആത്മഹത്യ ഭീഷണിയുമായി കർഷകൻ

ലോവർപെരിയാർ പദ്ധതിയുടെ കമാനത്തിന് മുകളിൽ കയറിയാണ് കര്‍ഷകന്‍ ആത്മഹത്യ ഭീക്ഷണി മുഴക്കുന്നത്.

Update: 2021-07-19 05:31 GMT
Advertising

എറണാകുളം നീണ്ടപാറയിൽ ആത്മഹത്യ ഭീഷണിയുമായി കർഷകൻ. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും പ്രശ്ന പരിഹാരത്തിന് ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് കര്‍ഷകന്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തിയത്. 

ലോവർപെരിയാർ പദ്ധതിയുടെ കമാനത്തിന് മുകളിൽ കയറി ഓലിക്കൽ പീതാംബരന്‍ എന്ന കര്‍ഷകനാണ് ആത്മഹത്യ ഭീക്ഷണി മുഴക്കുന്നത്. രാവിലെ 8 മണി മുതൽ കമാനത്തിന് മുകളിൽ കയറിയ ഇയാളുടെ ആവശ്യം ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നതാണ്. ഇയാളെ താഴെക്കിറക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

പൊലീസ് ഇടപെട്ടുവെങ്കിലും കര്‍ഷകന്‍ താഴെയിറങ്ങാന്‍ തയ്യാറല്ല. എം.എല്‍.എയെങ്കിലും നേരിട്ടെത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ മാത്രമെ താഴെയിറങ്ങൂ എന്നാണ് ഇദ്ദേഹത്തിന്‍റെ നിലപാട്.

കാട്ടാനശല്യം രൂക്ഷമായതിനാല്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഇദ്ദേഹം കൃഷിമന്ത്രിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച ചര്‍ച്ചയിലും കര്‍ഷകന്‍ ബുദ്ധിമുട്ടുകള്‍ അറിയിച്ചു. വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്ന് ഇദ്ദേഹം അന്ന് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായാണ് വിവരം. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ നടപടി വേണമെന്ന് കുറേകാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News