''പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക''; ഡി.വൈ.എഫ്.ഐയെ ട്രോളി തഹ്ലിയ
'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന തലവാചകത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ ഏലംകുളത്ത് ബാനർ സ്ഥാപിച്ചിരുന്നു
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചുകൊണ്ടുള്ള ഡി.വൈ.എഫ്.ഐ ബാനറിനു മറുപടിയുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഫേസ്ബുക്കിൽ ഡി.വൈ.എഫ്.ഐയെ ട്രോളിയായിരുന്നു തഹ്ലിയയുടെ പോസ്റ്റ്.
''പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക-ഡി.വൈ.എഫ്.ഐ ഫുഡ് വ്‌ളോഗ്‌സ്''-തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. 'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിൽ ഡി.വൈ.എഫ്.ഐ ബാനർ സ്ഥാപിച്ചിരുന്നത്.
പെരിന്തൽമണ്ണ ഏലംകുളത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പേരിൽ ബാനർ ഉയർന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ചായക്കടകളിലും ഹോട്ടലുകളിലും കയറുന്നതിനെ സൂചിപ്പിച്ചാണ് പരിഹാസം. ഇതിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി ബൽറാം രംഗത്തെത്തി. ഇതേ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ കൈക്കുഞ്ഞുങ്ങളെയുംകൊണ്ട് നിരവധി സ്ത്രീകൾ കയറിനിൽക്കുന്നതിന്റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു ബൽറാമിന്റെ പ്രതികരണം. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നു രാവിലെയാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെ പര്യടനം ആരംഭിച്ചത്. മൂന്ന് ദിവസമാണ് ജില്ലയിൽ പര്യടനം തുടരുക. രാഹുൽ ഗാന്ധിയുമായി ഇന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെ കടന്നാണ് യാത്ര അടുത്ത സംസ്ഥാനമായ കർണാടകയിൽ പ്രവേശിക്കുന്നത്.
Summary: Former MSF national leader Fathima Thahiliya mocks DYFI in the banner against Rahul Gandhi's Bharat Jodo Yatra