തഹ്‍ലിയയെയും നജ്‍മയെയും തിരിച്ചെടുക്കാൻ മുസ്‌ലിം ലീഗിൽ ചർച്ച
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ കോടതിയിലുള്ള കേസ് പിൻവലിക്കുക, വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുക, പാർട്ടിക്ക് മാപ്പ് എഴുതി നൽകുക എന്നിവയാണ് തിരിച്ചെടുക്കാനായി മുന്നോട്ട് വെച്ച വ്യവസ്ഥകൾ.
അച്ചടക്ക നടപടിക്ക് വിധേയമായി എം.എസ് എഫ് ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ട ഫാത്തിമ തഹ്‍ലിയ, നജ്മ തബ്ഷീറ, മുഫീദ തസ്നി എന്നിവരെ തിരിച്ചെടുത്ത് യൂത്ത് ലീഗ് ദേശീയ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാൻ മുസ് ലിം ലീഗിൽ ചർച്ച. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ഉമർ അറക്കൽ, പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫ് അംഗം ഉബൈദ് എന്നിവരാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് പിറകിലുള്ളത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ കോടതിയിലുള്ള കേസ് പിൻവലിക്കുക, വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുക, പാർട്ടിക്ക് മാപ്പ് എഴുതി നൽകുക എന്നിവയാണ് ഇവരെ തിരിച്ചെടുക്കാനായി മുന്നോട്ട് വെച്ച വ്യവസ്ഥകൾ.
എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടി ചർച്ചകളിൽ മൂന്നു പേരോടും കുറച്ച് കൂടി അനുഭാവമുള്ള നിലപാടാണ് സ്വീകരിക്കുന്നത്. തിരിച്ചെടുക്കുന്നതിനൊപ്പം യൂത്ത് ലീഗ് ഭാരവാഹിത്വം കൂടി നൽകാനുള്ള നീക്കത്തിൽ പല നേതാക്കൾക്കും ശക്തമായ എതിർപ്പുണ്ട്. വനിതാ ലീഗാണ് ഏറ്റവും ശക്തമായ എതിർപ്പുയർത്തുന്നത്. മാപ്പ് പറയാൻ മൂവരും തയ്യാറാണെന്ന് മധ്യസ്ഥർ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ വലിയ ആക്ഷേപങ്ങൾക്കിരയാവുകയും മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടുകയും ചെയ്ത പി.കെ നവാസിൻറെ കൂടി അഭിപ്രായം പരിഗണിച്ച് തീരുമാനമെടുത്താൽ മതിയെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
നേരത്തേ മുസ് ലിം ലീഗിന്റെ ചെന്നൈ സമ്മേളന കാലത്ത് തന്നെ ഫാത്തിമ തഹ്‍ലിയ പാർട്ടി നേതാക്കളെ കണ്ട് ക്ഷമ ചോദിക്കുകയും സംഘടന ഭാരവാഹിത്വത്തിലേക്ക് തിരിച്ച് വരാനുള്ള താത്പര്യം അറിയിക്കുകയും ചെയ്തിരുന്നു. പാർട്ടി പരിപാടികളിൽ തഹ്‍ലിയ പങ്കെടുക്കുന്നുണ്ടെങ്കിലും ഭാരവാഹിത്വമില്ലാത്തത് അവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വനിതാ ലീഗ് പുനഃസംഘടനയിൽ തഹ്‍ലിയയെ പരിഗണിച്ച് സംസ്ഥാന ഭാരവാഹിയാക്കാൻ ലീഗ് നേതൃത്വം ശ്രമിച്ചെങ്കിലും അവർക്ക് അതിൽ താൽപര്യമുണ്ടായിരുന്നില്ല. യൂത്ത് ലീഗ് അഖിലേന്ത്യാ നേതൃത്വത്തിൽ പ്രവർത്തിക്കാനാണ് അവർ ആഗ്രഹം അറിയിച്ചത്. കാത്തിരിക്കാനായിരുന്നു ലീഗ് നേതൃത്വത്തിന്റെ നിർദേശം. പിന്നീട് പലവട്ടം തഹ്‍ലിയ ലീഗ് നേതാക്കളെ സംഘടന ഭാരവാഹിയാക്കണമെന്ന താത്പര്യം അറിയിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു നിർദേശം.
പി.കെ ഫിറോസ് - ടി.പി അഷ്റഫലി ഗ്രൂപ്പിന്റെ താത്പര്യത്തിന് വിരുദ്ധമായി പി.കെ നവാസ് എം.എസ്എ.ഫ് അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിറകേ സംഘടനയിൽ വിഭാഗീയത രൂക്ഷമായിരുന്നു. ഫിറോസ് പക്ഷക്കാരായ നജ്മയും തഹ്‍ലിയയും നവാസുമായി നിരന്തരം കൊമ്പുകോർക്കുന്നതിനിടെയാണ് പൊലീസ് കേസിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കും നയിച്ച പരാതി ഉയർന്നത്.
നവാസിനെതിരെ നടപടിയില്ലാത്തതിന്റെ പേരിൽ സാദിഖലി തങ്ങൾക്കെതിരെ കൂടി പരസ്യ വിമർശനമുന്നയിച്ചതാണ് നജ്മക്കും തഹ്‍ലിയക്കും മുഫീദ തസ്നിക്കുമെതിരെ അച്ചടക്ക നടപടി വരാൻ കാരണമായത്.