'ക്ഷണിച്ചിട്ടില്ല, ദയവായി വലിഞ്ഞു കേറി വരരുത്': ശ്രീനിജൻ എം.എൽ.എയെ ലക്ഷ്യമിട്ട് ടി20 ഐക്കരനാടിന്റെ എഫ്.ബി പോസ്റ്റ്
ടി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബും പി.വി ശ്രീനിജന്‍ എംഎല്‍എയും തുറന്ന പോര് ആരംഭിച്ചിരിക്കെയാണ് ഇത്തരം പോസ്റ്റുകള്‍ സജീവമാകുന്നത്.
കൊച്ചി: ഓണാഘോഷ പരിപാടിയില്‍ എം.എല്‍.എ വലിഞ്ഞ് കേറി വരരുതെന്ന് പരസ്യ എഫ്.ബി പോസ്റ്റ്. ട്വന്റി ട്വന്റി ഐക്കരനാട് എന്ന എഫ്.ബി പേജിലാണ് കുന്നത്തുനാട് എം.എല്‍.എ, പി.വി ശ്രീനിജനെ ലക്ഷ്യംവെച്ചുള്ള പോസ്റ്റ്. എം.എല്‍.എയുടെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും ലക്ഷ്യം പി.വി ശ്രീനിജനെന്ന് വ്യക്തം. ടി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബും പി.വി ശ്രീനിജന്‍ എംഎല്‍എയും തുറന്ന പോര് ആരംഭിച്ചിരിക്കെയാണ് ഇത്തരം പോസ്റ്റുകള്‍ സജീവമാകുന്നത്.
എന്നാല്‍ ഈ ഫ്ലക്സ് എവിടെയാണ് സ്ഥാപിച്ചതെന്ന് കണ്ടുപിടിക്കാനായിട്ടില്ല. സുരഭി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പേരിലാണ് ഫ്ളക്സ് വെച്ചിരിക്കുന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം ഇങ്ങനെയൊരു പോസ്റ്റിനെക്കറിച്ച് അറിയില്ലെന്നാണ് ട്വന്റി 20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്തായാലും പോസ്റ്റ് വൈറലായി. പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും ധാരാളം കമന്റുകളുമെത്തിത്തുടങ്ങി. ട്വന്റി - ട്വന്റി ഐക്കരനാട് എന്ന എഫ്.ബി പേജില്‍ എംഎല്‍എയെ ആക്ഷേപിക്കുന്ന വീഡിയോകള്‍ വേറെയുമുണ്ട്.
ടി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ ശ്രീനിജന്‍ എം.എല്‍.എയെ ബഹിഷ്കരിക്കുന്ന നടപടി നേരത്തെ വിവാദമായിരുന്നു. എംഎൽഎ എന്ന നിലയിൽ ക്ഷണിക്കപ്പെട്ട് എത്തുന്ന യോഗങ്ങളിൽ നിന്നും ട്വന്റി20 ജനപ്രതിനിധികൾ വിട്ടുനിൽക്കുയാണെന്നും ഇതിന് പിന്നില്‍ സാബു എം ജേക്കബിന്‍റെ സ്വാര്‍ത്ഥ താല്‍പ്പര്യമാണെന്നുമായിരുന്നു പി.വി ശ്രീനിജന്റെ പ്രതികരണം. ശത്രുക്കളെ പരിപാടികളിലക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ സാബു എം ജേക്കബിന്റെ മറുപടി.
ചിങ്ങം ഒന്നിന് ഐക്കരനാട് പഞ്ചായത്ത് കർഷകദിനാചരണ വേദിയിലേക്ക് പി.വി ശ്രീനിജൻ കയറിവന്നതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു. വേദിയിയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് വേദിവിട്ടത്. കുന്നത്തുനാട്ടിൽ കൃഷിഭവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഈ സമയം എം.എൽ.എയും വേദിയിലുണ്ടായിരുന്നു.