ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗികാതിക്രമത്തെക്കുറിച്ച് സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നത് -ഫെഫ്ക
‘തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം’
കൊച്ചി: ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക). ലൈംഗികാതിക്രമം നടത്തിയവർ ശിക്ഷിക്കപ്പെടണം. തൊഴിലിടത്തെ സ്ത്രീകൾ സംസാരിച്ചു തുടങ്ങിയതിന്റെ ആദ്യ പാഠമാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലുള്ളതെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
തൊഴിലാളി വര്‍ഗബോധത്തോടെ സ്ത്രീകളെ കേട്ട് തിരുത്തലുണ്ടാകണം. നിയമ നടപടികളില്‍ ഫെഫ്ക അതിജീവിതകള്‍ക്കൊപ്പം നില്‍ക്കും.
ഡബ്ല്യു.സി.സിയിലെ അംഗങ്ങൾക്ക് തുടർച്ചയായി അവസരം നിഷേധിക്കപ്പെടുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആ കൂട്ടായ്മയിൽ അംഗങ്ങളായത് കൊണ്ട് മാത്രം അവരോട് ശത്രുതാപരമായ സമീപനം സ്വീകരിച്ച് അവരെ മാറ്റിനിർത്താൻ പാടില്ല. ഡയറക്ടേഴ്സ് യൂനിയൻ, റൈറ്റേഴ്സ് യൂനിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂനിയൻ എന്നിവർ ഇക്കാര്യം ആഴത്തിൽ പരിശോധിക്കണമെന്നും കൂട്ടിച്ചേർത്തു.