കേന്ദ്രം അനുമതി നൽകേണ്ട താമസം, കെ റെയിലുമായി മുന്നോട്ട് തന്നെ: ധനമന്ത്രി
പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്ന് മന്ത്രി സഭയിൽ പറഞ്ഞു
തിരുവനന്തപുരം: കെ റെയിലിന് കേന്ദ്രാനുമതി ലഭിച്ചാലുടൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്ന് മന്ത്രി സഭയിൽ പറഞ്ഞു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ മാത്രമല്ല ഇന്ത്യയിൽ എവിടെ വേണമെങ്കിലും അതിവേഗം സഞ്ചരിക്കാനുള്ള സംവിധാനം വേണം. കേരളത്തിന്റെ ഭാവിയെ കരുതി കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്രസർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതിക്ക് മുന്നോടിയായി ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷന് ദക്ഷിണ റെയിൽവേ അധികൃതർ സമർപ്പിച്ചിട്ടുണ്ടെന്നും കെ റെയിൽ വ്യക്തമാക്കി.
പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. കെ റെയിലിന്റെ കുറ്റി പറിക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർ കുറ്റിയും പറിച്ച് ഓടുകയാണെന്നായിരുന്നു സുധാകരന്റെ പരിഹാസം. മുഖ്യമന്ത്രി പിണറായി വിജയൻ വിവരമില്ലാതെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ രക്തസാക്ഷിത്വം വഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.