'എൻ്റെ ഈ ബാഗ് മുഴുവൻ കാശാണ്. നിങ്ങൾ വന്ന് എടുത്തോളൂ'; 20 കോടി തട്ടിയ ധന്യ മോഹനൻ കീഴടങ്ങി
20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്റെയും സഹോദരന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ മാറ്റിയതായാണ് പരാതി
കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി രൂപ തട്ടിയ പ്രതി ധന്യ മോഹനൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാളെ തൃശൂരെത്തിക്കും. തൃശൂര്‍ വലപ്പാടുള്ള ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹനന്‍. ഇവര്‍ 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കുറ്റം ചെയ്തോ എന്ന ചോദ്യത്തോട് 'എൻ്റെ ഈ ബാഗ് മുഴുവൻ കാശാണ്. നിങ്ങൾ വന്ന് എടുത്തോളൂ' എന്ന് ധന്യ തട്ടിക്കയറി പറഞ്ഞു.
20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്റെയും സഹോദരന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ മാറ്റിയതായാണ് പരാതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും കണ്ടെത്തിയിരുന്നു. ഇവർ ഓൺലൈൻ റമ്മിക്കടിമയാണെന്നും പൊലീസ് കണ്ടെത്തി.