പിടിച്ചെടുത്തത് ജാഗ്വർ കാറും 15 മൊബൈലും 16 എടിഎം കാർഡും; സൈബർ തട്ടിപ്പിൽ മാഫിയാ സംഘം അറസ്റ്റിൽ
ബത്ലഹേം അസോസിയേറ്റ്സ് എന്ന പേരിലാണ് ഇവര്‍ പണം തട്ടിയത്
വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി സൈബർ തട്ടിപ്പു നടത്തുന്ന മാഫിയാ സംഘം അറസ്റ്റിൽ. തമിഴ്‌നാട് തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുൺ, പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട സ്വദേശി രാഹുൽ എന്നിവരാണ് പൊലീസ് പിടിയിലായത്. തമിഴ്‌നാടു നിന്നും ബംഗളൂരുവിൽ നിന്നുമാണ് താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
ഓഗസ്റ്റ് 13ന് ശേഷം മാത്രം ഇവർ 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ച് അക്കൗണ്ട് തുറന്നായിരുന്നു തട്ടിപ്പ്. ജാഗ്വാർ കാർ, 15 മൊബൈൽ ഫോൺ, 16 എടിഎം കാർഡ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ബത്‌ലഹേം അസോസിയേറ്റ്സ് എന്ന പേരിലാണ് ഇവര്‍ പണം തട്ടിയത്. ലക്ഷകണക്കിന് പേർക്ക് ഫോണിൽ മെസ്സേജ് അയച്ചായിരുന്നു പ്രതികൾ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഓണത്തിന് ശേഷം നിരവധി പേർ ഇവർക്ക് പണം നൽകാൻ തയ്യാറായി നിന്നിരുന്നു എന്നാണ് പൊലീസ് പറയുന്നത്.