'ബ്രഹ്മപുരത്തെ തീയും പുകയും അണച്ചു'; ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ കർമപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്
തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും പുക ഉയരാനുള്ള സാധ്യത ഉള്ളതിനാൽ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീരീക്ഷണം തുടരും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെതീയും പുകയും പൂർണമായും അണച്ചെന്ന് സർക്കാർ. മറ്റൊരു ബ്രഹ്മപുരം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കർമപദ്ധതി നടപ്പാക്കുമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പ്ലാന്റിൽ തീപിടിച്ച് പന്ത്രണ്ടാം ദിവസമാണ് കാര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലേക്കെത്തുന്നത്. തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും പുക ഉയരാനുള്ള സാധ്യത ഉള്ളതിനാൽ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീരീക്ഷണം തുടരും. അതേസമയം ബ്രഹ്മപുരം വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്ന് പ്രതിഷേധിക്കും. വിവാദങ്ങൾക്കിടെ കൊച്ചി കോർപറേഷന്റെ കൗൺസിൽ യോഗം ഇന്ന് ചേരും. തീ പിടിത്തത്തിൽ അട്ടിമറി സാധ്യത ആരോപിച്ച് പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെടും.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ബ്രഹ്മപുരത്തെ ഇന്നത്തെ വൈകുന്നേരത്തെ കാഴ്ച. തീയും പുകയും പൂർണ്ണമായും ശമിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തീകരിച്ച കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർ ഫോഴ്‌സ്, കോർപറേഷൻ അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, പോലീസ് തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.ഇനി മറ്റൊരു ബ്രഹ്മപുരം കൊച്ചിയിലെന്നല്ല കേരളത്തിൽ ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി എല്ലാവരുടെയും പിന്തുണയോടെ ഈ സർക്കാർ നടപ്പാക്കും.
ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തിന്റെ പശ്ചത്തലത്തിൽ മാലിന്യ സംസ്കരണ നിയമം കർശനമായി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണം.ആർക്കെങ്കിലും മുഷിപ്പ് ഉണ്ടാകുമോ എന്ന് നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കൂനമൂച്ചിയിൽ എസ്.വൈ.എസ് സംഘടിപ്പിച്ച യൂത്ത് പാർലമെന്റിലെ പ്രദേശിക വികസന കാഴ്ച്ചപാടുകൾ എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി എം.ബി രാജേഷ്.
ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് നിലവിൽ ഏർപ്പാടാക്കിയിട്ടുള്ളത്. നാളെ മുതൽ അഞ്ച് മൊബൈൽ യൂണിറ്റുകൾ സേവനം നടത്തും. ആരോഗ്യമുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം അവധി നൽകിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുന്നതിനുമായാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കിയത്. ആരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന പ്രദേശങ്ങളിലാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരായിരിക്കും മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഉണ്ടാകുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങളും മൊബൈൽ മെഡിക്കൽ യൂണിറ്റ് വഴി നൽകും.
മൊബൈൽ യൂണിറ്റ് -1
1. ചമ്പക്കര എസ്.എന്‍ ഡി.പി. ഹാളിന് സമീപം : രാവിലെ 9.30 മുതല്‍ 11 വരെ
2. വൈറ്റില കണിയാമ്പുഴ ഭാഗം: രാവിലെ 11 മുതല്‍ 12.30 വരെ
3. തമ്മനം കിസാന്‍ കോളനി: ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ
4. പൊന്നുരുന്നി അര്‍ബന്‍ പിഎച്ച്‌സിക്ക് സമീപം: ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ
മൊബൈല്‍ യൂണിറ്റ് 2
1. വെണ്ണല അര്‍ബന്‍ പിഎച്ച്‌സിക്ക് സമീപം: രാവിലെ 9.30 മുതല്‍ 12.30 വരെ
2. എറണാകുളം പി ആന്റ് ടി കോളനി: ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ
3. ഉദയ കോളനി: വൈകുന്നേരം 3 മുതല്‍ 4.30 വരെ