കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ വൈദ്യുത ബോട്ട് ഉടൻ നീറ്റിലിറങ്ങും
100 പേർക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളിൽ ആദ്യത്തേതാണ് പൂർത്തിയായത്
കൊച്ചി വാട്ടർ മെട്രോയുടെ ആദ്യത്തെ വൈദ്യുത ബോട്ട് ഉടൻ പ്രവർത്തനം തുടങ്ങും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണം പൂർത്തിയാക്കിയ ബോട്ട് മെട്രോ അധികൃതർക്ക് ഇന്ന് കൈമാറും. ലോകത്ത് തന്നെ ആദ്യമായാണ് ഇത്രയും വിപുലമായ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ട് ശൃംഖല നിലവിൽ വരുന്നത്. ആദ്യ പവ്വേർഡ് ഇലക്ട്രിക് ബോട്ടാണ് ഇന്ന് കൈമാറുന്നത്. 100 പേർക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളിൽ ആദ്യത്തേതാണ് പൂർത്തിയായത്. ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്. അഞ്ച് ബോട്ടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ അതും കൈമാറും.
76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സർവീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശ്രംഖലയാണ് കൊച്ചി വാട്ടർ മെട്രോ. വളരെ വേഗത്തിൽ ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. 15 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാനാകും. യാത്രക്കാർ കയറി, ഇറങ്ങുമ്പോൾ പോലും ആവശ്യമെങ്കിൽ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ബോട്ടിലിരുന്ന് കായൽ കാഴ്ചകൾ ആസ്വദിച്ച് യാത്രചെയ്യാവുന്ന രീതിയിലാണ് ബോട്ടിന്റെ രൂപകൽപ്പന. വാട്ടർ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്.
first electric boat of the Kochi Water Metro will be operational soon